2020 ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

സ്വതന്ത്ര ഇൻഡ്യ കടന്നു വന്ന ചോരപ്പുഴകൾ : വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ

സ്വതന്ത്ര ഇൻഡ്യ കടന്നു  വന്ന ചോരപ്പുഴകൾ : വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ 


 ഭാഗം 1 നാഗാലാന്റ് 

ലഘു ചരിത്രം

 

ബ്രിട്ടീഷുകാരുടെ വരവിനു മുമ്പ് ബ്രഹ്മപുത്ര തീരഭൂമി ഭരിച്ചിരുന്നത് അഹോം രാജാക്കന്മാർ ആയിരുന്നു. അവരുടെ ആദ്യ കാലത്ത് വളർച്ചയും വികസനവും ഉണ്ടായിരുന്നെങ്കിലും പിന്നീട് വന്ന ഭരണാധികാരികൾ സ്വാർഥർ ആയിരുന്നു. അവർക്കെതിരെ നടന്ന കലാപക്കാരെയും ഗൂഡാലോചനക്കാരെയും ഒതുക്കാൻ അക്കാലത്തെ അഹോം രാജാവായ ചന്ദ്ര കാന്തൻ ബർമയുടെ സൈനിക സഹായം ആവശ്യപ്പെട്ടു. ബർമീസ് സഹായത്തോടെ ഉപജാപകരെ ഒതുക്കി എങ്കിലും പിന്നീടുണ്ടായ പ്രശ്നങ്ങളെ തുടർന്ന് ബർമീസ് സേന ആസാം കീഴടക്കി. ബർമീസ് കണ്ണുകൾ ബംഗാളിനെ നോട്ടമിടുന്നു എന്നു സംശയം തോന്നിയ ബ്രിട്ടീഷുകാർ 24 ഫെബ്രുവരി 1826 ഇൽ യാൻ ദാബോ യുദ്ധത്തിൽ  ബർമീസ് സൈന്യത്തെ ബ്രഹ്മപുത്രാ നദീ തീരത്തു നിന്നു പുറത്താക്കി ആണു വടക്ക് കിഴക്ക് ഭാഗത്ത് ഭരണം ഉറപ്പിച്ചത്. ബ്രിട്ടൻ ഇൻഡ്യയുടെ വടക്ക് കിഴക്കൻ ഭാഗത്തെ ബംഗാൾ സമതലത്തിനും ചൈനക്കും ഇടക്കത്തെ ഒരു നിഷ്പക്ഷ ഭാഗം ആയി ആണു കരുതിയിരുന്നത്. വ്യത്യസ്ത വംശങ്ങളും ഭാഷകളും അടങ്ങിയ അവിടം ബ്രിട്ടീഷുകാർ ആദ്യം തങ്ങളുടെ നേരിട്ടുള്ള ഭരണത്തിനു കീഴിൽ ആക്കിയില്ല. തേയില വ്യവസായത്തിന്റെ സാധ്യതകൾ ആസാമിൽ കണ്ടെത്തിയതോടെ ബ്രിട്ടൻ 1832 ഇൽ റോബർട്ട് ബ്രൂസിനെ സാധ്യതകൾ പഠിക്കാൻ ആസാമിലേക്ക് അയച്ചു. 1840-59 കാലഘട്ടത്തിൽ ആസാം കമ്പനിയുടെ കീഴിൽ ആയിരുന്നു ആസാമിന്റെ വികസനം. വനങ്ങൾ തെയില തോട്ടങ്ങൾ ആകുന്നതിൽ പരിഭ്രാന്തർ ആയ ഗോത്രങ്ങൾ തേയില തോട്ടങ്ങൾ ആക്രമിക്കുകയും വൻ നാശ നഷ്ടങ്ങൾ വരുത്തി വെയ്ക്കുകയും ചെയ്തു. അതോടെ ബ്രിട്ടീഷുകാർ ലുഷായ് മല നിരകളിൽ ഉള്ള ഗോത്രങ്ങളെയും നാഗാ ഗോത്രങ്ങളെയും കീഴടക്കി.

 

ബ്രിട്ടീഷുകാർ 1840 ഓട് കൂടിയാണു മലനിരകളിലെ ഗോത്രങ്ങലെ പരാജയപ്പെടുത്തി ആസാം കീഴടക്കിയത്. മണിപ്പൂരും ത്രിപുരയും സാമന്ത രാജ്യം ആയിരുന്നെങ്കിലും പിന്നീട് 1851 ഇൽ ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ ആയി. 1878 ഇൽ നാഗാലാന്റിനു മുകളീൾ രാഷ്റ്റ്രീയ നിയന്ത്രണം നേടി. മേഘാലയ 1872-73 ഇലും, മിസോറാം 1889 ഇലും കീഴടക്കി. അരുണാചൽ പ്രദേശ് 1882 മുതൽ ഒരു ഓഫീസിന്റെ മേൽനോട്ടത്തിൽ ഭരിച്ചു.

 

1874  വരെ വടക്ക് കിഴക്കൻ സംസ്ഥാനം ഭരിച്ചിരുന്നത് ബംഗാളിൽ നിന്നും ചീഫ് കമ്മീഷണർഷിപ്പിന്റെ മേൽനോട്ടത്തിൽ ആയിരുന്നു. 1905 ഇൽ ആസാം, ബംഗാൾ എന്നിവ രണ്ട് വ്യത്യസ്ത ലഫ്റ്റനന്റ് ഗവർണർമാരുടെ കീഴിൽ ആക്കി.  1912 ഇൽ വീണ്ടും ആസാം ചീഫ് കമ്മീഷണർ ഷിപ്പിന്റെ കീഴിൽ എത്തിച്ചെങ്കിലും 1919 ഇൽ വീണും ഗവർണറുടെ അധീനതയിൽ ആയി.

 

ജനങ്ങൾ പൊതു ധാരയിൽ നിന്നും അകന്നു നില്ക്കാൻ ഉള്ള കാരണങ്ങൾ

 

ചിൻ ഹിൽസ് ലുഷായ് ഹിൽസ് റെഗുലേഷൻ ആക്റ്റും (1896) ബംഗാൾ ഈസ്റ്റേൺ ഫ്രോന്റിയർ റെഗുലേഷൻ ആക്റ്റും (1873) ബംഗാൾ സമതലത്തിലെ ജനതയെയും മലമുകളിലെ ഗോത്രങ്ങളെയും പരസ്പരം ഇടപഴകുന്നതിൽ നിന്നും അകറ്റി. ഈ നിയമ പ്രകാരം ബ്രിട്ടീസ് ഡപ്യൂട്ടി കമ്മീഷണറുടെ അനുമതി രേഖ ഇല്ലാതെ സഞ്ചരിക്കുന്ന ബ്രിട്ടീഷുകാരെയും മറ്റുള്ളവരെയും- ഗോത്രങ്ങൾക്ക് നിയന്ത്രണ രേഖ കടന്നും അപ്പുറം ഇപ്പുറം സഞ്ചരിക്കുവാനോ ഇട പഴകുവാനോ ആകുമായിരുന്നില്ല. ഗോത്രങ്ങളെ ചൂഷണങ്ങളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും രക്ഷപെടുത്തുവാനും അവരുറ്റെ സംസ്കാരം നിലനിർത്തി  ജീവിക്കുവാനും ഉണ്ടാക്കിയ ഈ നിയന്ത്രണം ഗോത്ര വർഗക്കാരെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഉണ്ടായ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക മാറ്റങ്ങളിൽ നിന്നും അകറ്റി. സ്വാതന്ത്ര്യ സമരം രാജ്യമാകെ പിടിച്ച് കുലുക്കുമ്പോൾ ആസാം ഭാഗം  ശാന്തം ആയിരുന്നു. ഗോത്ര വർഗങ്ങളിൽ ഉണ്ടായിരുന്ന വിശ്വാസം തങ്ങളുടെ ഭാവി മറ്റ് ഭാഗങ്ങളിൽ നിന്നും വ്യത്യസ്തം ആണെന്നായിരുന്നു. 

 

ഗവർന്മെന്റ് ഒഫ് ഇൻഡ്യ ആക്റ്റ് 1919 ഇൽ ഗവർണർ ജനറലിനു ഇൻഡ്യയിലെ ഏതു ഭാഗത്തിനെയും പിന്നോക്കാവസ്ഥ  നില നില്ക്കുന്ന ഭൂ ഭാഗം എന്നു പ്രഖ്യാപിക്കാൻ ഉള്ള അധികാരം നല്കിയിരുന്നു. ഇൻഡ്യൻ നിയമസഭക്ക് ഈ പ്രദേശങ്ങളിൽ ഒന്നും ചെയ്യൻ സാധിക്കുമായിരുന്നില്ല. ലുഷായ്, നാഗാ, നോർത്ത് കച്ചാർ കുന്നുകൾ ഈ നിയമത്തിനു കീഴിൽ വന്നതിനാൽ ആസാം ഗവർണ്മെന്റിനു ഈ ഭാഗങ്ങളിൽ നിയന്ത്രണം ഉണ്ടായിരുന്നില്ല.  ഇത്തരം നിയമങ്ങൾ ഗോത്ര ജനതയെ ഇൻഡ്യ എന്ന വികാരത്തിൽ നിന്നും അകറ്റി.

 

വടക്ക് കിഴക്കൻ പ്രവിശ്യയിലെ ജനങ്ങൾ പ്രകൃതി ശക്തികളെ ആയിരുന്നു ആരാധിച്ചിരുന്നത്. ഇവർക്കിടയിലേക്ക്  പ്രത്യ്യെകിച്ച് മിസോറാം, നാഗാലാൻഡ്, മണിപ്പൂർ, മേഘാലയ  ഭാഗങ്ങളിൽ ക്രിസ്തു മതം പ്രചരിപ്പിക്കുവാനായി ആളുകൾ നിയോഗിക്കപ്പെട്ടു.  1836 ഇൽ തന്നെ ആദ്യ സംഘം മിഷനറിമാർ സുവിശേഷ വേലയും ആയി നാഗാകുന്നുകളിൽ എത്തി. ഇവർ സുവിശേഷ വേലയോടൊപ്പം വിദ്യാഭ്യാസം, വൃത്തി, ആരോഗ്യം എന്നിവയിലും പരിശീലനം നേടി. സ്വന്തം ആയി ലിപികൾ ഇല്ലാത്ത മിസോകൾക്കും നാഗന്മാർക്കും റോമൻ ലിപിയുടെ പ്രചരണം അവരുടെ ഭാഷക്ക് പുതിയ മാനങ്ങൾ നല്കി. 1872ഇൽ നാഗാ കുന്നുകളിൽ " Ao" ഗ്രാമത്തിൽ റവ: ക്ലർക്ക് ആദ്യ പള്ളീ സ്ഥാപിച്ചു. കാലക്രമേണ ഗോത്രവർഗ്ഗങ്ങളിൽ ഒരു നല്ല ഭാഗം പടിഞ്ഞാറൻ സംസ്കാരത്തെയും മതത്തെയും തങ്ങളുടെതായി കൂട്ടിച്ചേർത്തു. ഈ മതകാർഡ് തീവ്ര വാദ പ്രസ്ഥാനനങ്ങൾ മുതലെടുത്തിരുന്നു. ക്രിസ്ത്യൻ മിഷനറിമാർ ഉണ്ടാക്കി എടുത്ത ഈ സാംസ്കാരിക വ്യതിയാനം ഇൻഡ്യ എന്ന സങ്കല്പ്പങ്ങൾക്കെതിരെ വ്യാപകം ആയി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. നാഗാ കുന്നുകൾ മിസോകുന്നുകൾ , ആസാം ത്രിപുര എന്നിവിടങ്ങളിൽ ക്രിസ്ത്യൻ മിഷനറിമാർ സുവിശേഷ പ്രവർത്തനം നടത്തുന്ന സ്ഥലങ്ങളിൽ നിന്നാണു ഏറ്റവും കൂടുതൽ ആക്രമണങ്ങൾ സംഘടിപ്പിക്കപെട്ടത്. സുവിശേഷ പ്രവർത്തകർ നടത്തിയ സാമൂഹ്യ വികസനവും പ്രവർത്തനങ്ങളും എല്ലാം അവരുടെ നന്മക്കായിരുന്നെങ്കിലും ഇൻഡ്യ എന്ന സങ്കല്പ്പത്തിനു വിരുദ്ധം ആയി ഭവിച്ചു.

 

1947 ഇൽ ഇൻഡ്യക്ക് സ്വാതന്ത്ര്യം ലഭിച്ചതു നേഫ ( NEFA) കുന്നുകളെ ബാധിച്ചില്ല. പക്ഷെ നാഗാലാൻഡിലെയും മിസോറാമിലെയും ജനങ്ങൾ ഇതിനെ പഴയ പോലെ സ്വതന്ത്രം ആയി ജീവിക്കുവാൻ ഉള്ള ഒരു സാധ്യത ആയി ആണു കണ്ടത്. ബ്രിട്ടീഷുകാർ സ്ഥലം വിടുന്നതോട് കൂടി ഗോത്ര വാസികൾ സ്വയം ഭരണം ആഗ്രഹിച്ചു. സ്വാതന്ത്ര്യ ശേഷം  അറിയാതെ ഇൻഡ്യൻ ദേശീയതയിൽ ചേർന്ന അവരിൽ ദേശീയത മുകളിൽ പറഞ്ഞ കാര്യങ്ങളാൽ തുലോം കുറവു ആയിരുന്നു.  നാഗാ നാഷണൽ കൌൺസിൽ ആഗസ്റ്റ് 14, 1947 ഇൽ പാകിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ച അതേ ദിവസം  ഫിസൊ എന്ന നേതാവ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

 

16 മാർച്ച് 1951ഇൽ കൊഹിമയിൽ നാഗന്മാർ നടത്തിയ ജന പരിശോധനയിൽ സ്വതന്ത്ര രാജ്യം മതി എന്നു ഭൂരിപക്ഷം ആവശ്യപ്പെട്ടു. 1951 സംസ്ഥാന പുനർസംഘടനാ കമ്മീഷൻ വടക്ക് കിഴക്കൻ ഭാഗങ്ങളെ മിസോകളുടെയും നാഗന്മാരുടെയും എതിർപ്പിനെ അവഗണിച്ച്  വിസ്തൃത ആസാം ആയി ഇൻഡ്യയോട് കൂട്ടി ചേർത്തു. ഗോത്ര വർഗ്ഗക്കാരുടെ ആശ അഭിലാഷങ്ങളെ തൃണവൽഗണിച്ച് ആസാമിനു സർവ രാഷ്ട്രീയ അധികാരവും നല്കിയത് സംശയദൃഷ്ടിയോടെ  വീക്ഷിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു. 1960 ഇൽ ആസാമീസ് ഭാഷയെ ഔദ്യ്യോഗിക ഭാഷ ആയി പ്രഖ്യാപിച്ചതിനെ  All Party Hills Leaders Conference  എതിർത്തു.

 

ഇൻഡ്യൻ ഭരണഘടന ആറാം ഷെഡ്യൂളിൽ പറയുന്നതനുസരിച്ചുള്ള സ്വയം ഭരണം നാഗന്മാർ, മിസോകൾ, ഖാസികൾ , ജൈന്റൈസ്, ഗാരൊകൾ, കർസികൾ, ദിമാസ, കച്ചറികൾ എന്നിവരുറ്റെ ജില്ലാകൗൺസിലിനു നല്കി.

 

ആസാംകാർ ഭൂരിപക്ഷം ഉള്ള സംസ്ഥാന നിയമസഭയുടെ അടിയിൽ ഇവർക്ക് ഇതു മതിയായി തോന്ന്നിയില്ല. ഓരോ ഭാഗങ്ങളിൽ ആയി വിഘടന വാദികൾ ആയുധം എടുത്തു തുടങ്ങി.

 നാഗന്മാരും  വിഘടന വാദവും

 

നാഗലാൻഡിന്റെ പ്രാചീന ചരിത്രം വ്യക്തം അല്ല. 16 പ്രബല ഗോത്രങ്ങളും അതിലുമേറെ ഉപ ഗോത്രങ്ങളും അടങ്ങുന്നതായിരുന്നു നാഗാ സമൂഹം. അവരവരുടേതായ ഭാഷകളും വസ്ത്ര ധാരണ രീതികളും ഉള്ളവർ ആയിരുന്നു നാഗന്മാർ. യൂറോപ്യന്മാർ എത്തുന്നതിനു മുമ്പ് ബർമീസ് ഗോത്രങ്ങളും നാഗാ ഗോത്രങ്ങളും തമ്മിൽ നിരന്തരം ആയി ഏറ്റുമുട്ടലുകൾ നടന്നിരുന്നു. എതിരാളികളെ കൊന്നു അവരുടെ തലകൾ ട്രോഫികൾ പോലെ തലകൾ വീരത്വം പ്രകടിപ്പിക്കാൻ ആയി സൂക്ഷിച്ചിരുന്നു. തല കൊയ്യലിനും സമ്പത്തിനും ആയി ആണു ഇവർ ഏറ്റ്മുട്ടിയിരുന്നത്. ബ്രിട്ടീഷുകാർ ബർമീസ് വഴി കാട്ടികളോട് വടക്കൻ ഹിമാലയത്തിലെ ഗോത്രങ്ങളെ പറ്റി ചോദിച്ചപ്പോൾ ‘ നാക’ എന്നു പറഞ്ഞതു കേട്ട് അവർ നാഗ എന്നു എഴുതിയതു  അവരുടെ പേരായി എന്നു പറയപ്പെടുന്നു.

 

1832 ഇൽ ക്യാപ്റ്റൻ ജെങ്കിൻസും, പെമ്പർട്ടണും ആണു ഗോത്രമേഖലകളിൽ ആദ്യം ആയി പര്യവേക്ഷണം നടത്തിയ ആദ്യ യൂറോപ്യർ. തേയില തോട്ടങ്ങളിലും കച്ചവട കേന്ദ്രങ്ങളിലും നാഗാഗോത്രങ്ങൾ നടത്തിയ ആക്രമണങ്ങളിൽ സഹികെട്ട് 1839-1850 ഇനും ഇടക്ക് 10ഓളം സൈനിക  ആക്രമണങ്ങൾ ബ്രിട്ടീഷുകാർ സംഘടിപ്പിച്ചു. 1846ഇൽ ബ്രിട്ടീഷുകാർ സമാഗുടിങ്ങ് എന്ന സ്ഥലത്ത് സൈനിക പോസ്റ്റ് സ്ഥാപിച്ച് ഗോത്രങ്ങൾ തമ്മിൽ ഉള്ള യുദ്ധങ്ങളും ബ്രിട്ടീഷ് വസ്തു വകകളിലും ആളുകളീലും നടത്തുന്ന ആക്രമണങ്ങൾക്കും ഒരു അറുതി വരുത്താൻ ശ്രമിച്ചു 1851 ഇൽ കിക്രുമ എന്ന സ്ഥലത്ത് നടന്ന സൈനിക നടപടിയിൽ അനവധി ആളുകൾ രണ്ട് ഭാഗത്തും മരിച്ചു. അതോടെ ബ്രിട്ടീഷുകാർ ഗോത്രങ്ങളിൽ നിന്നു അകലം പാലിക്കൻ ശ്രമിച്ചെങ്കിലും ഗോത്ര ആക്രമണങ്ങൾ തുടർന്നതോടെ അതിനു സാധിച്ചില്ല.1878 ഇൽ ഇന്നത്തെ നാഗാലാൻഡ് തലസ്ഥാനം ആയ കൊഹിമയിൽ ഒരു കോട്ട പണിതു അവിടെ ഒരു പട്ടണം സ്ഥാപിച്ചു. 1866 ഇൽ നാഗാകുന്നുകളെ ആസാമിനോട് ചേർത്തു.  1879 ഇൽ ജി എച്ച് ഡാമണ്ട് എന്ന രാഷ്ട്രീയ പ്രതിനിധി നടത്തിയ കൊനോമ എന്ന ഗ്രാമത്തിലേക്കുള്ള സൈനിക നീക്കം അനഗാമി ഗോത്രത്തിൽ പെട്ട പോരാളികൾ ഡാമണ്ടിനെ അടക്കം വധിച്ച് തകർത്തു കളഞ്ഞു. അതിനു ശേഷം  ബ്രിട്ടീഷുകാർക്കെതിരെ അവർ സൈനികനീക്കം നടത്തി .  6000 അനഗാമി ഗോത്രക്കാർ കൊഹിമ കോട്ട വളഞ്ഞു. മിഷനറി പ്രവർത്തനം നടത്തുന്നവർ മധ്യസ്ഥം നിന്നു കോട്ടയിൽ ഉണ്ടായിരുന്നവരെ മോചിപ്പിച്ചു. പിന്നീട് ബ്രിഗേഡിയർ ജനറൽ ജെ ഐ നേഷൻ എന്ന ബ്രിട്ടീഷുകാരൻ കൊനോമ നിവാസികൾ ആയിരുന്ന അനഗാമി ഗോത്രക്കാരെ കൊന്നൊടുക്കി കൊനോമ പിടിച്ചെടുത്തു.1880 ഇൽ ബ്രിട്ടീഷുകാർ നാഗാ കുന്നുകളിൽ മേധാവിത്വം നേടിയെങ്കിലും കോണ്യാക് ഗോത്രം 1839 വരെ ബ്രിട്ടീഷുകാരും ആയി ഏറ്റ് മുട്ടിയിരുന്നു.

 

 1917- 1919 ഇലെ കുക്കി ലഹളയിലും 1ആം ലോക മഹായുദ്ധത്തിലും നാഗാ ഗോത്രങ്ങളിൽ നിന്നു കൂലി- ചുമട്ടു  തോഴിലാളികളെ തിരഞ്ഞെടുത്ത്. 2000 ത്തോളം  നാഗന്മാരെ ഫ്രാൻസിലേക്ക് അയച്ചിരുന്നു.  ഫ്രാൻസിലേക്ക് അയച്ചവർ  തമ്മിൽ ഒരു ഐക്യം ഉണ്ടാവുകയും അവർ മാതൃ ഭൂമിയിൽ എത്തിയാലും പരസ്പര സൗഹാർദത്തോടെയും, സഹായിച്ചും ജീവിക്കാം എന്നും  തീരുമാനം എടുത്തിരുന്നു. ഇവർ ബ്രിട്ടീഷ് മേധാവികളുടെ സഹായത്തോടെ 1918 ഇൽ നാഗാ ക്ലബ് രൂപീകരിച്ചു. നാഗന്മാർ ഇൻഡ്യക്കാരിൽ നിന്നും വിഭിന്നരും, ഒരിക്കലും ഇൻഡ്യൻ ഭരണത്തിനു കീഴിൽ എത്തിയിട്ടുണ്ടായിരുന്നവരും ആയിരുന്നില്ല. അതിനാൽ തങ്ങളെ ഭരിക്കാൻ ഇൻഡ്യക്കാർക്ക് അവകാശം ഇല്ല എന്നും അവർ കരുതിയിരുന്നു. 1929 ഇൽ സൈമൺ കമ്മീഷനു അവർ സ്വയം ഭരണം നല്കണം എന്നു ആവശ്യപ്പെട്ട് മെമ്മോറാണ്ടം നല്കിയിരുന്നു. ഇതിനെ ഇൻഡ്യൻ നേതാക്കൾ സംശയദൃഷ്ടിയോടെ ആണു വീക്ഷിച്ചിരുന്നത്.

 

1946 ഇൽ നാഗാ നാഷണൽ കൌൺസിൽ (NNC) രൂപീകരിച്ചു. 29 അംഗങ്ങൾ, രണ്ട് കേന്ദ്രീകൃത കൌൺസിലുകൾ, പ്രധാന ഗോത്രങ്ങളിൽ നിന്നും ഒരംഗം വീണ്ടും എങ്കിലും കുറഞ്ഞത് NNC യിൽ ഉണ്ടായിരുന്നു. മിക്ക ഗോത്രങ്ങളിലെയും പ്രതിനിധികളും “ഇൻഡ്യ ” എന്ന പൊതു ശത്രുവിനെതിരെ ഒന്നിച്ചു.

 

1946 ജൂണിൽ ക്യാബിനറ്റ് മിഷൻ പ്ലാൻ പ്രഖ്യാപിച്ചപ്പോൾ NNC ആസാമിൽ ഒരു സ്വയം ഭരണ പ്രവിശ്യ ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചു. പലകാര്യങ്ങളിലും വിഭിന്ന അഭിപ്രായം ഉള്ളവർ  ആയിരുന്നെങ്കിലും ഇൻഡ്യയുടെ ഭരണത്തിൻ കീഴിൽ പോകുന്ന കാര്യത്തിൽ അവർ പൊതുവായി എതിർപ്പ് രേഖപ്പെടുത്തിയിരുന്നു.

 

മെയ് 1947 ഇൽ ആദിവാസികാര്യ ഇൻഡ്യൻ ഉപദേശക സമിതി കൊഹിമ സന്ദർശിച്ചപ്പോൾ എൻ എൻ സി പത്തു വർഷത്തേക്ക് എല്ലാ അധികാരത്തോടും കൂടിയ ഇടക്കാല ഗവർണ്മെന്റ് , റവന്യു ചിലവു ചെയ്യലിൽ പൂർണാധികാരം, റവന്യു കമ്മി കുറക്കാൻ മാതൃ ഗവർണ്മെന്റിന്റെ സാമ്പത്തിക സഹായം, പൌരാധികാരത്തിനും, രാജ്യ രക്ഷക്കും ആയി ഒരു സൈന്യം മാതൃ ഗവർന്മെന്റിന്റെ ചിലവിൽ എന്നിവ ആവശ്യപ്പെട്ടു. നാഗന്മാരുടെ പ്രതിനിധി എന്ന നിലയിൽ എൻ എൻ സിയെ പരിഗണിച്ച ആസാം ഗവർണർ ആയിരുന്ന അക്ബർ ഹൈദരി കരാറിൽ ഒപ്പിട്ടു, നാഗന്മാരുടെ ശക്തം ആയ ഗോത്രമായ അനഗാമികൾ  സാപ്പു ഫിസോയുടെ നേതൃത്വത്തിൽ എൻ എൻ സി കയ്യേറുകയും ഇൻഡ്യ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനു ഒരു ദിവസം മുന്നെ ആഗസ്റ്റ് 14 ഇനു സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. നെഹ്രു എൻ എൻ സി സെക്രട്ടറി അലിബി ഇംതിയും ആയി ഒരു ചർച്ച നടത്തി പ്രശ്ന പരിഹാരത്തിനു ശ്രമിച്ചെങ്കിലും സാധിച്ചില്ല.1951 മെയിൽ  എൻ എൻ സി നടത്തിയ ജനഹിത പരിശോധനയിൽ സ്വാതന്ത്ര്യം വേണം എന്നുള്ളതിനു നാഗന്മാർ വോട്ട് ചെയ്ത് ഭൂരിപക്ഷം നല്കി.

 

 

മാർച്ച് 1956 ഇൽ എൻ എൻ സി സായുധ സൈന്യം രൂപീകരിക്കുകയും ഫെഡറൽ ഗവർന്മെന്റ് ഓഫ് നാഗാലാന്റ് എന്ന സമാന്തര ഭരണകൂടം ഉപയോഗിച്ച് ഭരണം ആരംഭിക്കുകയും ചെയ്തു. 300 ഓളം വരുന്ന കൂട്ടം ആയി കിഴക്കൻ പാകിസ്താനിൽ പരിശീലനത്തിനായി ആളുകൾ പോയി ആയുധങ്ങളും ആയി തിരിച്ചെത്തി ഗറില്ല യുദ്ധം ആരംഭിക്കുകയും ചെയ്തു . അതോടെ നെഹ്രു സൈനിക നീക്കത്തിനു ഏപ്രിൽ 1956 ഇൽ അനുമതി നല്കി. ഗ്രാമങ്ങൾ ചുട്ടു ചാമ്പലാക്കി. ജനതയെ മാറ്റി താമസിപ്പിച്ചു.1958 ഇൽ ആർമെഡ് ഫോർസസ് സ്പെഷ്യൽ പവേർസ് ആക്റ്റ് (AFSPA) അവിടെ നിലവിൽ വരുത്തി.  അറസ്റ്റ് ചെയ്യലും കൊലപ്പെടുത്തലും അനസ്യൂതം തുടർന്നു. ഗറില്ല- ഗറില്ല വിരുദ്ധ  നീക്കങ്ങൾ കൊണ്ട് സാധാരണ ജനതയുടെ സ്വൈര്യ ജീവിതം തകർന്നു. 1956 ഇൽ ഫിസൊ കിഴക്കൻ പാകിസ്ഥാനിലേക്കും അവിടുന്നു 1960 ഇൽ ലണ്ടനിലേക്കും രക്ഷപെട്ടു. 1962 ഇൽ 5000 പരിശീലനം ലഭിച്ച ഗറില്ലകളും  15000 താല്ക്കാലിക ഭടന്മാരും നാഗാ സൈന്യത്തിനു ഉണ്ടായിരുന്നു. സൈനിക നീക്കത്തോടൊപ്പം രാഷ്ട്രീയ നീക്കവും നടത്തിയ ഇൻഡ്യ 1960 ഇൽ മിത വാദികളും ആയി കരാറിൽ എത്തുകയും നാഗാലാൻഡ് സംസ്ഥാനം ഡിസംബർ 1 1963 ഇൽ സ്ഥാപിക്കുകയും ചെയ്തു.

 

1962 ഇൽ ചൈന യുദ്ധത്തിനു ശേഷം ചൈന നാഗാ തീവ്രവാദികളെ സഹായിച്ചു എങ്കിലും ഗോത്ര വർഗ്ഗങ്ങളിലെ കലഹങ്ങൾ നാഗാ കലാപകാരികളുടെ ശക്തി ചോർത്തി കളഞ്ഞു. 1957-1963 കാലഘട്ടത്തിൽ രൂക്ഷമായ  പോരാട്ടം ഗറില്ലകൾ അഴിച്ചു വിട്ടു. 1964-75 ഇൽ ഗറില്ലകൾക്കിടയിൽ പിളർപ്പ് ഉണ്ടാകുകയും ഉച്ചസ്ഥായിയിൽ ആയിരുന്ന നീക്കം ഗറില്ലകളെ കൊണ്ട് ഭാരതത്തിന്റെ ഭരണഘടനയെ അംഗീകരിപ്പിച്ച്  1975ഇൽ ഷില്ലൊങ്ങ് ഒത്തു തീർപ്പ് കരാർ ഒപ്പിടുന്നതിൽ കൊണ്ട് എത്തിക്കുകയും ചെയ്തു.

 

ചൈനയിൽ പരിശീലനത്തിനു പോയിരുന്ന 140 പേർ അടങ്ങുന്ന സംഘം ഷില്ലോങ്ങ് കരാറിനെ അംഗീകരിച്ചിരുന്നില്ല. അവർ എൻ എൻസി യിൽ നിന്നു പിളർന്ന് മാറി നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് എന്ന പുതിയ സംഘടന 1980 ഇൽ  രൂപീകരിച്ചു. മൂവിയ, ഐസക് എന്നീ നേതാക്കന്മാരുടെ നേതൃത്വത്തിൽ ആയിരുന്നു രൂപീകരണം.മൂവിയ സാറ്റ്ലൈറ്റ്സ് എന്ന തന്ത്രം നിലവിൽ കൊണ്ടു വന്നു. പരിശീലനം ലഭിച്ച ആയുധ ധാരികൾ ആയ ചെറുസംഘങ്ങളെ മറ്റ് സംസ്ഥാനങ്ങലിലേക്ക് അയച്ച് സുരക്ഷിതർ ആയി പാർപ്പിച്ച് ആക്രമണ സമയത്ത് തിരിച്ച് കൊണ്ടു വരിക എന്നതായിരുന്നു ആ തന്ത്രം. ചൈനീസ് പരിശീലനം ലഭിച്ച നാഗന്മാരും ഇൻഡ്യൻ സൈന്യവുമായുള്ള പോരാട്ടം അതി രൂക്ഷം ആയിരുന്നു. ഇൻഡ്യൻ സൈന്യം തിരിച്ചടി കടുപ്പിച്ചതോടെ  ഇവർ ആസാം നാഗാലാൻഡ് അതിർത്തിയിലെ റെയിൽ വേയെ  ആക്രമിച്ചു.

 

1985ഇൽ എൻ എസ് സി എൻ എന്ന ഈ സംഘടന പിളരുകയും രണ്ട് കൂട്ടരും ഇൻഡ്യയോട് ചർച്ച നടത്തുകയും ചെയ്തു. ഈ പിളർപ്പ് ഇവർ തമ്മിൽ ഉള്ള ഏറ്റു മുട്ടലിലും കൊണ്ടെത്തിച്ചു. മൂവിയയുടെ നേതൃത്വത്തിൽ ഉള്ള ഘടകവും കെപ്ലാങ്ങ് എന്ന ബർമീസ്  നേതാവിന്റെ  ഘടകവും തമ്മിൽ ഉണ്ടായ ഏറ്റ് മുട്ടലിൽ 200 പേർ  കൊല്ലപ്പെട്ടു. അതോടെ ഐസക് -മൂവിയ ഫാക്ഷനു ബർമയിൽ കടക്കുവാൻ പറ്റാത്ത സ്ഥിതി ആയി. ചൈന പാകിസ്താൻ സപ്പോർട്ട് കൂടി ഇല്ലാതായതോടെയും, ഇൻഡ്യൻ സൈന്യത്തിന്റെ കനത്ത ആക്രമണം ചെറുക്കാൻ ആകാതെ ആയതോടും കൂടി അവർ ഇൻഡ്യൻ ഗവർണ്മെന്റിനോടു കൂടെ ചർച നടത്തുവാൻ നിർബന്ധിതർ ആയി.

 

 

ഇന്ത്യയുടെ തന്ത്രങ്ങൾ

 

ഇൻഡ്യയുടെ തീവ്രവാദ വിരുദ്ധ തന്ത്രം കൂടുതലായും പാകിസ്താൻ ചൈന അതിർത്തിയിലേക്കുള്ള പാതകൾ അടച്ചു കോണ്ടായിരുന്നു. നാഗാകുന്നുകളിലെ തീവ്രവാദ താവളങ്ങൾ അനുവദിച്ചു കൊടുക്കാതിരിക്കുക, ആദിവാസി ഗോത്രങ്ങളിലെ തലവന്മാരും ആയി ചർച്ച നടത്തി ആ ഗോത്രത്തിൽ പെട്ടവരെ തീവ്രവാദത്തിൽ നിന്നു പിൻ മാറ്റുകം വൻ തുക നാഗാലാൻഡിലേക്ക് പമ്പ് ചെയ്യുക എന്നിവ ആയിരുന്നു. 

 

1960 മുതൽ ആരംഭിച്ച ചർച്ചകളിൽ നിന്നും ലഭിച്ച ബന്ധങ്ങൾ ഉപയോഗിച്ച് എൻ എൻ സിയെ പിളർത്തുക, 1971 ഇൽ ബംഗ്ലാദേശ് രൂപീകരണവും  ഇവരുടെ ശക്തി ക്ഷയിപ്പിച്ചു. 1976 വരെ ചൈനയിൽ പരിശീലനത്തിനായി നാഗന്മാർ പോയിരുന്നെങ്കിലും ബർമ-ഇൻഡ്യൻ സൈന്യം പെട്രോളിങ്ങ് ശക്തി  പെടുത്തിയത് അതിനെയും തടസ്സപ്പെടുത്തി.

 

പത്തു ലക്ഷത്തോളം മാത്രം വരുന്ന ജനതക്കു ഇൻഡ്യ ഗവണ്മെന്റ് 1986-96 കാലഘട്ടത്തിൽ 300 ദശലക്ഷം രൂപ നല്കി. ഇൻഡ്യൻ രഹസ്യാന്വേഷണ സംഘടനകൾ എൻ എൻ സി യിൽ നിന്നു പുറത്ത് ചാടിച്ച സെമ ഗോത്രങ്ങളിൽ പെട്ട തീവ്ര വാദികളെ ഉപയോഗിച്ച് റെവല്യൂഷണറി ഗവർണ്മെന്റ് ഒഫ് നാഗാലാൻഡ് ഉണ്ടാക്കി. ഇവർ ഇൻഡ്യൻ സൈന്യവും ആയി സഹകരിച്ചു ചൈനാ പരീശീലനം ലഭിച്ച മോനു അനഗാമിയുടെ നേതൃത്വത്തിൽ ഉള്ള ഗറില്ലകളെ പിടികൂടുകയൊ നശിപ്പിക്കുകയോ ചെയ്തു.

 

ഇന്നും എൻ എസ് സി എൻ ഘടകങ്ങൾ തമ്മിൽ ഉള്ള ആക്രമണം പതിവാണു. പരസ്പരം ഇൻഡ്യൻ ചാരന്മാർ എന്നു വിളിക്കുമെങ്കിലും രണ്ട് ഘടകങ്ങളും ഇൻഡ്യൻ ഗവർണ്മെന്റും ആയി നല്ല ബന്ധം പുലർത്തുന്നു. അവർ തമ്മിൽ ഉള്ള ഏറ്റ് മുട്ടലുകളുടെ നേരെ ഇൻഡ്യ കണ്ണടച്ച് ഇരുട്ടാക്കുന്നു

 

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ