2020 ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

കുരിശു യുദ്ധങ്ങൾ

 കുരിശു യുദ്ധങ്ങൾ

7 ആം നൂറ്റാണ്ടിൽ ജെറുശലെം അടങ്ങുന്ന ഇന്നത്തെ പാലസ്തീൻ/ഇസ്രായേൽ പ്രദേശം മുസ്ലിങ്ങൾ പിടിച്ചെടുത്തു. പ്രവാചകൻ മുഹമ്മദ് സ്വർഗത്തിലേക്കു പറന്നു എന്നു വിശ്വസിക്കുന്ന ഭാഗത്ത് ഒരു പള്ളി നിർമിക്കപ്പെട്ടു. മുസ്ലിങ്ങൾ പ്രദേശം ഭരിച്ചപ്പോൾ പല ഭരണാധികാരികൾക്ക് കീഴിലും ക്രിസ്ത്യാനികളും, ജൂതന്മാരും സമാധാനത്തോടെ ജീവിച്ചു. അബ്ബാസിദുകളെ സെല്ജുക്ക് തുർക്കികൾ കീഴടക്കി. സെല്ജുക്ക് തുർക്കികൾ ബൈ സാന്റിയൻ സാമ്രാജ്യത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് എത്തി നൈസിയ കീഴടക്കി. ബൈസാന്റിയൻ 1067, 1069 എന്നീ വർഷങ്ങളിൽ തുർക്കികളെ തോല്പ്പിച്ചു. ക്രൂശ് ഭടന്മാരുടെ വരവു വരെ ബൈസാന്റിയൻ സാമ്രാജ്യം യാഥാസ്ഥിതിക സുന്നികൾ ആയ സെല്ജുക്ക് തുർക്കികളും ആയി അനത്തോലിയയുടെയും സിറിയയുടെയും നിയന്ത്രണത്തിനായി പോരാടിക്കൊണ്ടിരുന്നു. സെല്ജുക്ക് സാമ്രാട്ട് മാലിക് ഷാ ഒന്നാമൻ 1092 ഇൽ മരിച്ചതോടു കൂടി അനത്തോലിയയിലെ റം സുൽത്താനെറ്റ് ഭരിച്ചത് കിലിജ് അർസലാൻ 1 ആമനും,സിറിയ കിലിജിന്റെ സഹോദരൻ തുത്തുഷ് ഒന്നാമനും ആയിരുന്നു. തുത്തുഷ് ഒന്നാമന്റെ മരണത്തോടെ പുത്രന്മാരായ ഫകർ അൽ മുല്ക് രദ്വാൻ ആലപ്പോയും ദുഖാക് ഡമാസ്കസും ഭരിച്ചു. കെർബോഗയും മൊസൂളിലെ അതാബാഗയും വേറെ അമീർമാർ ആയിരുന്നു ഭരിച്ചിരുന്നതു.
ഷിയകളുടെ ദാറമിദ് ഖലീഫൈറ്റ് ആയിരുന്നു ഈജിപ്റ്റും പാലസ്തീന്റെ മിക്ക ഭാഗവും ഭരിച്ചിരുന്നത്. ഫത്തമിദുകളും സില്ജുക്കുകളും തമ്മിൽ ഉള്ള പോരാട്ടങ്ങൾ തദ്ദേശീയർ ആയ ക്രിസ്ത്യാനികൾക്കും, ക്രിസ്ത്യൻ തീർഥാടകർക്കും ദുരിതം വിതച്ചിരുന്നു. 1073 ഇൽ ജെറുശലെം ഫത്തമിദുകൾ ജെറുശലെം സെല്ജുക് തുർക്കികൾക്ക് അടിയറ വച്ചു. 1098 ഇൽ അർതുഖിറുകൾ എന്ന തുർക്കി ഗോത്രത്തിന്റെ കയ്യിൽ നിന്നും ഇവർ ജെറുശലേം തിരിച്ചു പിടിച്ചു.
ബൈസാന്റിയൻ ചക്രവർത്തി അലക്സസ് കൊമിനസ് 1 ആമൻ മാർച് 1095 ഇൽ പോപ്പ് അർബൻ രണ്ടാമനോട് സൈനിക സഹായം തേടി ഇറ്റലിയിലെ പിക്കാൻസയിലേക്ക് ഒരു സംഘത്തെ അയച്ചു. ഫ്രാൻസിലെ ക്ലെർമോണ്ടിൽ വച്ച് നവംബർ 27 1095ഇൽ കൌൺസിൽ ഓഫ് ക്ലെർമോണ്ട് കൂടി സെല്ജുക്ക് തുർക്കികൾക്ക് എതിരെ ചിലത് ചെയ്യുവാൻ തീരുമാനിച്ചു. അർബൻ ജെറുശലേം പിടിച്ചെടുക്കുവാനായി കുരിശു യുദ്ധം നടത്തുവാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. ഇതു പടിഞ്ഞാറൻ സാമ്രാജ്യത്തിനു ഇസ്ലാമിക അധിനിവേശത്തിൽ നിന്നും രക്ഷ നല്കും എന്നു വിശ്വസിപ്പിച്ചു. കുരിശു യുധ്ഹത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സ്വർഗ രാജ്യം ലഭിക്കും എന്ന് വിശ്വാസികളെ വിശ്വസിപ്പിച്ചു. അർബന്റെ പ്രഖ്യാപനം ഫ്രാൻസിൽ ആകെ പരന്നു. തിരഞ്ഞെടുക്കപ്പെട്ടവരുടെ കുപ്പായങ്ങളിലും പടച്ചട്ടകളിലും ചുവന്ന കുരിശുകൾ തുന്നി ചേർത്തു . 400 വർഷങ്ങളിലായി പലതവണ കുരിശുയുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്.
ഒന്നാം കുരിശു യുദ്ധം
ആഗസ്റ്റ് 15 1096 ഇൽ സൈനിക നീക്കം നടത്തുവാൻ ഔദ്യോഗികം ആയി തീരുമാനിച്ചു. പക്ഷെ കുറച്ച് ആളുകൾ തീരുമാനിച്ച ദിവസത്തിനു മുന്നെ യാത്ര ആരംഭിച്ചു.ഇവർ കർഷകരും സാധാരണ ജനങ്ങളും ആയിരുന്നു. താപസൻ ആയ പീറ്റർ (Peter the Hermit) വാൾട്ടർ സൻസവോയിർ എന്നിവരുടെ നേത്രുത്വത്തിൽ ഉള്ള കർഷകരുടെ സൈന്യം ആയിരുന്നു അതു. വാൾട്ടറിന്റെ നെത്രുത്വത്തിൽ ഉള്ള സൈന്യം ബൽഗ്രെഡിൽ എത്തി. ബൈസന്റിയൻ സാമ്രാജ്യയത്തിന്റെ അതിർത്തി കോട്ട ആയ അവിടെ അവർക്ക് തണുത്ത സ്വീകരണം ആണു നല്കിയത്. വിളവെടുപ്പ് കാലം അല്ലാത്തതിനാൽ ഭക്ഷണ സാമഗ്രികൾ അവിടെ കുറവായിരുന്നു. ക്രൂശ് ഭടന്മാർ അവിടം കൊള്ള അടിക്കുവാൻ തീരുമാനിച്ചു. അവരുടെ അക്രമത്തിൽ സ്വൈര്യജീവിതം തകർന്ന നാട്ടുകാരും ബൈസാന്റിയൻ സൈനികരും അവരെ പിടിച്ചു കോൺസ്റ്റാന്റിനൊപ്പിളിലെക്കയച്ചു. കുറച്ചു പേർ തിരിച്ചു പോയി.
ജർമനിയിൽ നിന്നുള്ള കൌണ്ട് എമിക്കോയുടെ നെത്രുത്വത്തിൽ സംഘടിപ്പിക്കപെട്ട കർഷക രുടെ സൈന്യം പുറപ്പെട്ടതിന്റെ അടുത്തു തൊട്ടു ഉണ്ടായിരുന്ന ഗ്രാമങ്ങളിൽ താമസ്സിച്ചിരുന്ന ജൂതരെ കൊള്ളയടിക്കുകയും കൊന്നൊടുക്കുകയും ചെയ്തു ആ സമയം ഹംഗറിയിൽ എത്തിയിരുന്നു. ഹംഗെറിയൻ രാജാവു അവരെ സഹായിക്കാൻ വിസമ്മതിച്ചു. ക്രിസ്ത്യൻ രാജാവു ഭരിച്ചിരുന്ന അവിടം ക്രൂശ് ഭടന്മാർ ആക്രമിച്ചെങ്കിലും മോസം കോട്ട കാവല്ക്കാർ മിക്കവാറും ആളുകളെയും കൊന്നൊടുക്കി.
40000 വരുന്ന സ്ത്രീകളും കുട്ടികളും വ്രിദ്ധരും അടങ്ങിയ കർഷക സൈനിക സംഘവും ആയാണു പീറ്റർ പുറപ്പെട്ടത്.ഹംഗറി കടക്കുമ്പോൾ തദ്ദേശീയരും ആയി യുദ്ധം ചെയ്യുകയും 4000 ഹംഗറിക്കാരെ വധിക്കുകയും ചെയ്തു. അവിടെ നിന്നും അക്രമാസക്തർ ആയ ആ സംഘം പോയ വഴി എല്ലാം കലാപം നടത്തുകയും കൊള്ളയടിക്കുകയും വധിക്കുകയു ചെയ്തു. നിസ് എന്ന പ്രവിശ്യ ഭരിച്ചിരുന്ന ഗവർണർ തന്റെ സൈനികരെ ഉപയോഗിച്ചു പീറ്ററിന്റെ സൈനികരെ പരാജയപ്പെടുത്തി. പരാജയവും പട്ടിണിയും കൊണ്ട് വലഞ്ഞ സംഘം അവസാനം കോൺസ്റ്റാന്റിനോപ്പിളിൽ എത്തി. അലക്സസ് രാജാവു നേരത്തെ കോൺസ്റ്റാന്റിനോപ്പിളിൽ എത്തിയ വാൾട്ടരിന്റെ സൈനികരെയും പീറ്ററിന്റെ സൈനികരെയും ബോട്ടുകളിൽ അതിർത്തി കടത്തി ശത്രുക്കൾക്കിടയിലേക്ക് അയച്ചു. അതിർത്തി കടന്ന അവർ കടന്നെത്തിയ പട്ടണങ്ങൾ കൊള്ളയടിക്കുകയും അവിടങ്ങളിലെ ജനങ്ങളെ ക്രിസ്ത്യാനികൾ അടക്കം ഉള്ളവരെ കൊന്നൊടുക്കുകയും ചെയ്തു. നിക്കൊമീഡിയ എന്ന പ്രദേശത്തു വച്ചു ക്രൂശ് ഭടന്മാർക്കിടയിൽ കലാപം ഉണ്ടാകുകയും ഫ്രഞ്ച് കാർ പീറ്ററിന്റെ നിയന്ത്രണത്തിലും ജർമൻ ഇറ്റാലിയൻ സൈനികർ റെയ്നോൾഡ് എന്ന സൈനികന്റെ നേത്രുത്വം സ്വീകരിക്കുകയും ചെയ്തു. കൊള്ളയും കൊലയും നടത്തി അവർ ഒരു നൈസിയ എന്ന തുർക്കി കോട്ട ഉപരോധിച്ചു. പീറ്റർ കൊള്ളയും കൊലയും കണ്ടു സഹിക്കാൻ ആവാതെ കോൺസ്റ്റാന്റിനോപ്പിളിലെക്കു തിരിചു പോയിരുന്നു. റെയ്നോൾഡിന്റെ നെത്രുത്വത്തിൽ ഉള്ള സൈനികർ ഒരു കോട്ട ആക്രമിച്ചു കീഴടക്കി. ആ കോട്ടയെ തിരിച്ചു പിടിക്കാൻ എത്തിയ രാജാവായ കിലിജ് ഇനിറ്റെ നേത്രുത്വത്തിൽ തുർക്കി സൈന്യം കോട്ട വളഞ്ഞു . കോട്ടക്കുള്ളിൽ വെള്ളം ഉണ്ടായിരുന്നില്ല.. അടുത്തുള്ള കിണർ കോട്ടക്ക് പുറത്ത് ആയിരുന്നു. വെള്ളം കിട്ടാതെ വലഞ്ഞ സൈനികർ കഴുതകളെ കൊന്നു ചോര കുടിച്ചും സ്വന്തം മൂത്രം കുടിച്ചും ജീവൻ നിലനിർതാൻ നൊക്കി എങ്കിലും പിന്നീട് കീഴടങ്ങി. തുർക്കികൾ അവരോട് ഇസ്ലാം മതത്തിൽ ചേരാൻ ആവശ്യപ്പെട്ടു. കുറച്ചു പേർ ഇസ്ലാം മതം സ്വീകരിക്കുകയും സ്വീകരിക്കാത്തവരെ വാളിനിരയാക്കുകയും ചെയ്തു. നേതാവായ റെയ്നോൾഡ് ഇസ്ലാം മതം സ്വീകരിക്കുകയും കുരിശ് യുധ്ധക്കാരെ നേരിടാം എന്നു തുർക്കികൾക്ക് വാഗ്ദാനം നല്കുകയും ചെയ്തു.
തുർക്കി കോട്ട പിടിച്ചെടുത്ത വിവരം പീറ്ററിന്റെ നാഥൻ ഇല്ലാ സംഘത്തിനു ലഭിച്ചു. പീറ്ററിന്റെ വരവിനു കാത്തു നില്ക്കാതെ കൊള്ളയടികുവാൻ വേണ്ടി അവർ കോട്ടയിലേക്ക് പുറപ്പെട്ടു. അവർ നേരെ ചെന്നു പെട്ടത് തുർക്കി സൈനികരുടെ കയ്യിൽ ആയിരുന്നു. ഇരുപതിനായിരം വരുന്ന കർഷക ക്രൂശ്ഭടർ വെറും മൂവായിരം പേരായി ചുരുങ്ങി. ബാക്കി വന്നവർ ഉപേക്ഷിച്ച ഒരു കോട്ടയിൽ ബൈസാന്റിയൻ സൈനികർ രക്ഷിക്കാൻ വരുന്നതു വരെ ഒളിച്ചിരുന്നു. അങ്ങനെ കർഷകരുടെ കുരിശ് യുദ്ധം അവിടെ അവസാനിച്ചു.
പ്രഭുക്കന്മ്മാരുടെ സൈന്യം
സൈനികർ അടങ്ങിയ സൈന്യം അവർക്കു പുറകെ പുറപ്പെട്ടിരുന്നു. 5 പ്രഭുക്കന്മാരുടെ നെത്രുത്വത്തിൽ ഇറ്റലി വഴി കടൽ മാർഗം Hugh of Vermandois, Reymond Of Tolose എന്നിവരുടെ സൈന്യം, കരമാർഗം Godfrey De Boullion, Bohemonte of Tarento, Robert of Flanders എന്നിവർ. Robert ഇന്റെ കൂടെ സഹായത്തിനായി Robert of Normandy, Steven of Bois എന്നീ പ്രഭുക്കന്മാർ കൂടി ഉണ്ടായിരുന്നു. ഇവരെല്ലാവരും കൂടി കോൺസ്റ്റാന്റിനോപ്പിളിൽ എത്തി. അവരെ അലക്സസ് കോമിനസ് കടൽ കടത്തി അനറ്റൊളിയയിൽ എത്തിച്ചു. ഗോഡ്ഫ്രെയുടെ നേത്രുത്വത്തിൽ അവർ നൈസിയയിലെക്ക് പുറപ്പെട്ടു.( ബ്ളോയിസിലെ സ്റ്റീഫൻ സൈനികരുടെ കാര്യങ്ങൾ എകോപിപ്പിച്ചു. സുൽത്താൻ കിലിജ് അതിർത്തി പ്രശ്നങ്ങളുമായി മറ്റൊരു ഭാഗത്ത് യുദ്ധം ചെയ്യുമ്പോൾ ക്രൂശ് സൈന്യം കോട്ട ഉപരോധിച്ചു. വിവരം അറിഞ്ഞു പാഞ്ഞെത്തിയ കിലിജിനെ ദോർലിയം യുദ്ധത്തിൽ പരാജയപ്പെടുത്തി, രാജ്യം അലക്സിയസിനു കൈമാറി. (അലക്സിയസ് തന്ത്ര പരം ആയി കോട്ട പിടിച്ചെടുത്തു എന്നും പറയപ്പെടുന്നു )
ഒക്ടൊബർ 21, 1097 മുതൽ 2 ജൂൺ 1098 വരെ കുരിശു യുദ്ധക്കാർ അന്തോഖ്യാ പട്ടണം ഉപരോധിച്ചു. അന്ത്യോഖ്യയിലെ ഗവർണർ യാഗി സിയാൻ സഹായത്തിനു അഭ്യർഥിച്ചെങ്കിലും കുരിശു യുദ്ധക്കാർക്ക് പട്ടണം ഉപരോധിക്കാൻ ആയി. ഉപരോധിക്കുന്നവർക്ക് കഴിക്കുവാൻ ഉള്ള ഭക്ഷണം ഉണ്ടായിരുന്നില്ല. ആക്രമണം പ്രതീക്ഷിച്ചിരുന്നതിനാൽ കോട്ടക്കുള്ളിൽ ഭക്ഷണം സൂക്ഷിച്ചിരുന്നു. ഡമാസ്കസ് ഗവർണറിന്റെ ഒരു സംഘം സൈനികർ പടയാളികളും ആയി ക്രൂശ് സൈനികർ നേരിട്ടു യുദ്ധം നടത്തി ജയിച്ചു .1098 ഇൽ പട്ടിണി മൂലം 7ഇൽ 1 സൈനികർ വീതം ക്രൂശ് സൈന്യത്തിൽ മരിച്ചു. 3 ജൂണിനു അന്തോഖ്യ കീഴടക്കി. കെർബോഗ കോട്ട പിന്നീടു ഉപരോധിച്ചു. കുരിശു യുദ്ധ സൈനികരെ നേരിടാൻ എത്തിയ കെർബൊഗ കോട്ടാ കാവല്ക്കാരെ പരാജയപ്പെടുത്തി കോട്ട കീഴടക്കി.
1099 ജൂൺ അവസാനം കുരിശു യുദ്ധക്കാർ വിശുദ്ധ നഗരത്തിൽ എത്തി. ജൂലൈ യിൽ സൈനികർ കോട്ട ഉപരോധിച്ചു. ഭക്ഷണവും വെള്ളവും ഇല്ലാതെ ഫാതമിദ് മുസ്ലിങ്ങളിൽ നിന്നും ആക്രമണം പ്രതീക്ഷിച്ച ഹതാശർ ആയ ക്രൂശ് സൈന്യം ജെറുശലേം കോട്ട ആക്രമിച്ചു. പല തവണ ആക്രമണം നടത്തിയ അവർ അവസാനം ജെറുശലെം കീഴടക്കി. 13 ജുലൈ യിൽ ജെറുശലെം കീഴടക്കിയ സൈനികർ കണ്മുന്നിൽ കണ്ട ജൂതന്മാരെയും മുസ്ലിങ്ങളെയും കൊന്നൊടുക്കി. നഗരം കൊള്ള അടിച്ചു. മുട്ടോളം രക്തത്തിൽ ആണു കുതിരകൾ തെരുവുകളിൽ സഞ്ചരിച്ചിരുന്നതു എന്നാണു ഒരു പുസ്തകത്തിൽ എഴുതപ്പെട്ടത്. 7000 ആയിരത്തോളം ആളുകൾ കൊല്ലപ്പെട്ടു. പോരാളികൾ ഡോം ഓഫ് റോക്ക് എന്ന വിശുദ്ധ മുസ്ലിം പള്ളീയിൽ നിന്നു വില പിടിച്ചതെല്ലാം മോഷ്ടിച്ചു.
ഫതമിഡുകൾ ഈജിപ്റ്റിൽ നിന്നും ക്രൂശ് യുദ്ധക്കാരെ നേരിടാൻ ആയി 30000 വരുന്ന സൈന്യവും ആയി തുർക്കികൾ കൾ, അറബ്, പേർഷ്യൻ, കുർദ്. എത്യോപ്യൻ സൈനികരെ അപ്രതീക്ഷിതം ആയി 10 ഏപ്രിലിൽ ആക്രമിച്ചു പരാജയപ്പെടുത്തി.
എഡെസ, അന്ത്യോഖ്യ, ജെറുശലെം, ട്രിപ്പൊളി എന്നിവിടങ്ങളിൽ കുരിശു യുദ്ധക്കാരുടെ രാജ്യം സ്ഥാപിച്ച് സൈനികരിൽ ഭൂരിപക്ഷവും യൂറോപ്പിലേക്ക് തിരിച്ചു പോയതോടെ ഒന്നാം കുരിശ് യുദ്ധം അവസാനിച്ചു.

രണ്ടാം കുരിശു യുദ്ധം (1145-1149)
ആദ്യ യുദ്ധത്തിനു ശേഷം സ്ഥാപിതം ആയ എഡേസ വടക്കെ അറ്റത്തായിരുന്നു സ്ഥ്തി ചെയ്തിരുന്നത്. ജനവാസം കുറഞ്ഞതും ദുർബലവും ആയ എഡേസ ഹരാൻ പോരാട്ടത്തിലും, 1122 ഇലും മുസ്ലിങ്ങളോട് പരാജയപ്പെട്ടു. 1125ഇൽ അസാസ് യുദ്ധത്തിൽ എഡേസ ക്രിസ്ത്യൻ സൈനികർ തിരിച്ചു പിടിച്ചു. 1131 ഇൽ എഡേസ ഭരണകർത്താവായ ജോസിലിൻ 1ആമൻ കൊല്ലപ്പെട്ടു. ബൈസാന്റിയൻ രാജാവായ ജോൺ 2 കോമിനസും ആയി ജോസിലിൻ 2ആമൻ സന്ധിയിൽ ആയി എങ്കിലും 1143 ഇൽ ജോസിലിനും ജെറുശലേം രാജാവായ അഞ്ചൌ Anjou of Fulk യും മരിച്ചു. ട്രിപ്പോളിയിലെ പ്രഭുവും അന്തോഖ്യയിലെ രാജകുമാരനും തമ്മിൽ കലഹിച്ചതോടെ എഡേസ സഖ്യം ഇല്ലാത്ത രാജ്യം ആയി മാറി.
സെല്ജുക് തുർക്കി ആയ Imad Ad Din Zengi അതാബെക് വംശജരോടൊപ്പം 1128 ഇൽ ആലപ്പോ പിടിച്ചെടുത്തു. 1129ഇൽ ബാൾഡ് വിനെ സെങ്കി ഡമാസ്കസിന്റെ പ്രാന്ത പ്രദേശങ്ങളിൽ വച്ച് പരാജയപ്പെടുത്തി. 1139 ഇലും 1540 ഇലും സെങ്കി ഡമസ്കസ് ഉപരോധിച്ചപ്പോൾ ഭരണ കർത്താക്കൾ ആയ ബുറീദ് രാജവംശജർ ഫുൾക് രാജാവും ആയി സന്ധിയിൽ ഏർപ്പെട്ടു. അനത്തോളിയ യുടേയും, സിറിയയുടെയും, ഇറാക്കിന്റെയും കുറച്ച് ഭാഗങ്ങൾ ഭരിച്ചിരുന്ന Orthoqids തുർക്കികൾ ആലപ്പോയ്ക്കെതിരെ പട നയിച്ചപ്പോൾ എഡേസയിലെ ജോസിലിൻ രണ്ടാമൻ മുഴുവൻ സൈന്യവും ആയി സഹായിക്കാൻ പുറപ്പെട്ടു. സാഹചര്യം മനസ്സിലാക്കിയ സെങ്കി വടക്കോട്ട് പോയി എഡേസ ഉപരോധിച്ചു. ഡിസംബർ 24, 1144 ഇൽ കീഴടക്കി. ജറുശലെമിൽ നിന്നു സൈനിക സഹായം എത്തിയെങ്കിലും ഫലവത്തായില്ല.മറ്റോരു ആക്രമണം ക്രിസ്ത്യാനികൾ ഭയപ്പെട്ടത് പോലെ അന്തോഖ്യയുടെയോ, എഡേസയുടെ മറ്റു ഭാഗങ്ങളിലോ ഉണ്ടായില്ല. മൊസൂളിൽ ആഭ്യന്തര കലാപം ഉണ്ടായപ്പോൾ തിരികെ പ്പോയ സെങ്കിയെ യാരങ്കാഷ് എന്ന ഒരു അടിമ 1146ഇൽ കൊലപ്പെടുത്തിയതോടെ നൂറുദ്ദീൻ എന്ന പുത്രൻ ആലപ്പോയിലും സെയ്ഫ് അദ്ദിൻ ഗാസി മൊസൂളിലും അനന്തരാവകാശികൾ ആയി സ്ഥാനം ഏല്കുകയും ചെയ്തു.
എഡേസ പിടിച്ചെടുക്കപ്പെട്ട കാര്യം ആദ്യം തീർഥാടകരും, പിന്നീട് ജെറുശലേമിലെയും അർമീനിയയിലെയും ദൂതന്മാരും അന്നത്തെ ബിഷപ്പ് ഹ്യൂഗ് സിനെ അറിയിച്ചു. 1 ഡിസംബർ 1145 ഇൽ യൂജിൻ രണ്ടാമത്തെ കുരിശു യുദ്ധത്തിനു ആഹ്വാനം ചെയ്തു.
രണ്ടാം കുരിശു യുദ്ധം കൂടുതൽ സംഘടിതം ആയിരുന്നു. യൂറോപ്പിലെ രാജാക്കന്മാരുടെ ശക്തർ ആയ സൈനികർ ആയിരുന്നു സഞ്ചരിക്കേണ്ട പാതയും മുൻ കൂട്ടി തീരുമാനിച്ചിരുന്നു. ഫ്രാൻസിലെ ലൂയി ഏഴാമൻ രാജാവു പോപ്പിന്റെ സൈന്യത്തെ കൂടാതെ സ്വതന്ത്രം ആയി യുദ്ധം നയിക്കും എന്നു 1145 ഇൽ പ്രഖ്യാപിച്ചു. പോപ്പിന്റെ അനുവാദത്തോടെ Bernard of Clairvaux എന്ന വിശുദ്ധ ബർണാർഡ് കുരിശു യുദ്ധത്തെ പറ്റി പ്രചാരണം നടത്തി. ഫ്രാൻസിൽ നിന്നും ലൂയി 7ആമനും ഭാര്യയും കുരിശു യുദ്ധത്തിനായി സ്വയം സമർപ്പിച്ചു. ജർമനിയിൽ വച്ച് കോൺ റാഡ് 3 രാജാവും അനന്തരവനും കുരിശു യുദ്ധത്തിനു സന്നദ്ധത പ്രകടിപ്പിച്ചു.
കുരിശു യുദ്ധത്തിനു ക്ഷണിച്ചപ്പോൾ തെക്കൻ ജെർമൻ കാർ ജെറുശലേമിനു പോകാൻ തയ്യാറായെങ്കിലും വടക്കൻ ജെർമനിക്കാർ ആയ സാക്സണുകൾ പാഗൻ വിശ്വാസികൾ ആയ സ്ളാവുകൾക്ക് എതിരെ നീക്കം ആരംഭിച്ചു. അതോടെ സ്ലാവുകൾ വാഗ്രിയ എന്ന പ്രദേശം പിടിച്ചെടുത്തു. ക്രൂശ് ഭടന്മാർ സംഘടിതം ആയി സ്ലാവുകളെ അവിടെ നിന്നും പുറത്തു ആക്കുകയും പിന്നീട് സ്ലാവുകളുടെ കോട്ട ആയ ഡോബിൻ ആക്രമിച്ചു. ഡോബിനിലെ ആളുകൾ ക്രിസ്ത്യൻ ആയി മാറാം എന്നു സമ്മതിച്ചതിനാൽ പിന്മാറി. യുദ്ധാവസാനം ജെർമനിയിലെ പ്രദേശം ആയ മെക്ലൻബർഗും പോമ്രേനിയയും കൊള്ളയടിക്കുകയും നിവാസികളെ കൊന്നൊടുക്കുകയും ചെയ്തു .
മെയ് 1147 ഇൽ ഇംഗ്ലണ്ടിൽ നിന്നും പോരാളികളും ആയി കപ്പലിൽ വിശുദ്ധ ഭൂമിയിലേക്ക് പുറപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്നു പോർച്ചുഗീസ് തീരത്തെ വടക്കൻ പട്ടണം ആയ പോർട്ടോയിൽ നങ്കൂരം ഇട്ട അവർ പോർച്ചുഗീസ് രാജാവ് അഫൊൻസൊ 1 ആന്മനെ ലിസ്ബൻ ആക്രമിക്കാൻ സഹായിക്കാം എന്നു കരാറായി. ജൂലൈ തൊട്ടുള്ള നാലു മാസത്തെ ഉപരോധത്തെ തുടർന്ന് ലിസ്ബൺ കീഴടങ്ങി. കൂടുതലും പോരാളികൾ അവിടെ തന്നെ താമസം ആക്കി. കുറച്ച് ആളുകൾ വിശുദ്ധ ഭൂമിയെ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങിയെങ്കിലും പിന്നീട് Santarem, Sintra, Almada, Pamela, Setubal എന്നീ സ്ഥലങ്ങൾ കീഴടക്കാൻ അഫൊൻസോയെ സഹായിക്കുകയും പിടിച്ചെടുക്കപ്പെട്ട ഭൂമികളിൽ അവർ താമസമാക്കുകയും ചെയ്തു.
ഇറാന്റെയും ഇറാക്കിന്റെയും ഭൂരിഭാഗം ഭരിച്ചിരുന്ന സെല്ജുക് തുർക്കികൾക്ക് 10000 മുഴുവൻ സമയ പോരാളികൾ ഉണ്ടായിരുന്നു. മികച്ച സൈനിക പരിശീലനം ലഭിച്ച അടിമകളും തുർക്കി സൈനികരും ആയിരുന്നു ഭൂരിപക്ഷവും. സിറിയയിലെ പൌര സേന ആയ അഹ്ദത്തുകളും , റ്റർക്കോമാൻ കുർദിഷ് പോരാളികളും ചേർന്നതായിരുന്നു മുസ്ലിം സൈന്യം. ബുറീദുകൾ ഭരിച്ചിരുന്ന ഡമാസ്കസിലെ സൈനിക നേതാവായിരുന്ന മുയിൻ അദ് ദിൻ അനുർ ആയിരുന്നു സേനാ തലവൻ. നൂരുദ്ദീൻ സെംഗി ആയിരുന്നു എന്നു വേറൊരു പക്ഷവും പറയുന്നു.
ജെർമൻ കാരായ 2000 പ്രഭുക്കൾ, 700 ഫ്രെഞ്ച് പ്രഭുക്കൾ, 550 പ്രഭുക്കളും 6000 കാലാളും ജെറുശലെമിൽ നിന്നും അടങ്ങിയതായിരുന്നു ക്രൂശ് സൈന്യം
സെങ്കിയുടെ കൊലപാതക ശേഷം എഡെസ പിടിച്ചെടുക്കുവാൻ ജോസിലിൻ ശ്രമിച്ച്ചെങ്കിലും നവംബർ 1146 ഇൽ നൂറുദ്ദീൻ പരാജയപ്പെടുത്തി.
20000 വരുന്ന കാലാളിനോടൊപ്പം വരുന്ന വഴിയിൽ വെള്ളപ്പോക്കത്തിൽ ആൾ നാശവും കോൺസ്റ്റാന്റിനോപ്പിളിൽ വച്ചു യുദ്ധവും ഉണ്ടായെങ്കിലും പെട്ടന്നു തന്നെ ജെർമൻ നേതാവായ കോൺ റാഡിന്റെ നേത്രുത്വത്തിൽ സെല്ജുക്ക് റം സൽത്തനത്തിന്റെ തലസ്ഥാനമായ ഐക്കോണിയത്തിലേക്ക് തിരിച്ചു .രണ്ടാക്കി തിരിച്ച ജെർമൻ സൈന്യത്തെ തീരദേശ പാത വഴിയും അനത്തോലിയ വഴിയും അയച്ചു. അനത്തോലിയ വഴി തിരിച്ച കോൺ റാഡിന്റെ സേനയ മെസൂദ് ഒന്നാമൻ നയിച്ച സെല്ജുക്ക് തുർക്കികൾ പരാജയപ്പെടുത്തി കൊന്നൊടുക്കി (1147 ഓക്റ്റൊബെർ 25). അവശേഷിച്ച 2000 പേരുമായി കോൺ റാഡ് ലൂയി 7ആമനൊപ്പം ചേർന്നു.
തീരദേശം വഴി പുറപ്പെട്ടാ കോൺ റാഡിന്റെ സഹോദരനും ബിഷപ്പും ആയ ഓട്ടോയിലെ ഫ്രെസിംഗിനെ സെല്ജുക്കുകൾ ലോഡിസിയയിൽ വച്ചു 16 നവംബർ 1147 ഇൽ നേരിട്ടു. ഭക്ഷണ ദൌർലഭ്യത്തിനോടൊപ്പം തുർക്കികളുടെ ആക്രമണം കൂടി ആയപ്പോൾ സേന പരാജയപ്പെട്ടു. അവരെ കൊന്നൊടുക്കുകയോ അടിമകളായി പിടിച്ചെടുക്കുകയൊ ചെയ്തു.
മെറ്റ്സിൽ നിന്നും 1147 ഇൽ പുറപ്പെട്ട ഫ്രഞ്ച് ഘടകം ലൂയിസ് 7ആമന്റെ നേത്രുത്വത്തിൽ ലോറേൻ, ബ്രിട്ടൻ, ബുർഗണ്ടി, അക്വിന്റൈൻ സൈന്യത്തോടൊപ്പം ചേർന്നു. കോൺ റാഡ് സഞ്ചരിച്ച അതേ വഴിയിൽ കടന്നെത്തിയ സൈന്യം വഴിയിലൂടെ ബൈസാന്റിയൻ സാമ്രാജ്യത്തിൽ എത്തി. വഴിക്കു വച്ച് നോർമണ്ടി ഇംഗ്ലണ്ട് സൈനികരും ചേർന്നു. ആദ്യ കുരിശു യുദ്ധത്തിലെ കയ്പ്പേറിയ സ്മരണകൾ ഉള്ള ബൈസാന്റിയനിലെ ഭരണാധികാരി മാനുവൽ തന്റെ ശത്രു ആയ സുൽത്താൻ മെസൂദ് 1ആമനും ആയി സന്ധിയിൽ എത്തി. പക്ഷെ പേടിച്ചതു പോലെ ഒന്നും സംഭവിച്ചില്ല. ബൈസാന്റിയൻ സാമ്രാജ്യം കടന്ന ഫ്രഞ്ച് സൈന്യത്തിനു മാനുവൽ ബൈസാന്റിയൻ സൈനികരെ വിട്ടു നല്കിയില്ല. നൈസിയയിൽ വച്ച് പരാജയപ്പെട്ടു പിൻ വാങ്ങുന്ന കോൺ റാഡിന്റെ ജർമൻ ഘടകം ഫ്രഞ്ച് സൈന്യത്തിനോടൊപ്പം ചേർന്നു. തീര ദേശ മാർഗം സഞ്ചരിച്ച സൈന്യത്തിൽ നിന്നും കോൺ റാഡ് അനാരോഗ്യം മൂലം പിൻ വാങ്ങി. തുർക്കികൾ ആക്രമിക്കാൻ കാത്തിരിക്കുക ആണു എന്നറിഞ്ഞിട്ടും സൈന്യം മുന്നോട്ട് നീങ്ങി. രണ്ട് തുർക്കി ആക്രമണങ്ങളെ എഫസസ് എന്ന പ്രദേശത്തിനു പുറത്തു വച്ചും മിയാന്റർ നദിക്കരയിൽ വച്ചും പരാജയപ്പെടുത്തി.
ജനുവരി 1148 ഇൽ ലാ ഒഡിഷ്യായിൽ തുർക്കി സൈന്യം ഫ്രഞ്ച് സൈന്യത്തെ ആക്രമിച്ചു പരാജയപ്പെടുത്തി. പിന്തുടർന്ന് തിരിഞ്ഞോടിയ ഫ്രഞ്ച് സൈന്യത്തിനു വൻ ആൾ നാശം ഉണ്ടാക്കി. കപ്പലിൽ കയറി ലൂയിയും പ്രമുഖ പ്രഭുക്കന്മാരും അന്തോഖ്യയിലേക്ക് പോയി. ബാകി വന്നവർ കാൽനട ആയി അന്തോഖ്യയിലേക്ക് കാൽനടായായി സഞ്ചരിച്ചു.
മാർച് 19 ഇനു അന്തോഖ്യയിൽ എത്തിയ ലൂയിയെ അന്തൊഖ്യൻ സൈന്യം ആലപ്പോയ്ക്ക് എതിരെ ഉള്ള നീക്കത്തിനു പ്രേരിപ്പിച്ചു. പക്ഷെ പരാജയത്തിൽ മനസ്സു തകർന്ന ലൂയി ജെറുശലേമിലേക്ക് തീർഥാടനം പോകുവാൻ ആഗ്രഹിച്ചു. കുരിശു യുദ്ധക്കാർ എഡേസ മോചിപ്പിക്കാൻ ആണു എത്തിയതെങ്കിലും ജേറുശലേമിലെ ബാൾഡ് വിൻ 3ആമൻ രാജാവിനും റ്റെമ്പ്ളാർ പ്രഭുക്കന്മാർക്കും ഡമാസ്കസ് കീഴടക്കാൻ ആയിരുന്നു താല്പര്യം.
ഡമാസ്കസ് രാജാവു മൊയ്നുദ്ദീൻ ഉനുർ യുദ്ധത്തിനുള്ള സജ്ജീകരണങ്ങൾ ആരംഭിച്ചു. എതിരാളികൾ ആയ മൊസൂളിലെയും ആലപ്പോയിലെയും രാജാക്കന്മാരൊടു സഹായം ആവശ്യപ്പെട്ടെങ്കിലും സമയത്ത് ലഭിച്ചില്ല. 23 ജൂലൈയിൽ ഡമാസ്കസ് ലക്ഷ്യം ആക്കി പുറപ്പെട്ടാ ക്രൂശ് സൈനികരെ ഗറില്ലാ യുദ്ധത്തിലൂടെ വിഷമിപ്പിച്ചു കൊണ്ടിരുന്നു. മൊസൂളിലെ സൈഫുദ്ദീൻ ഗാസിയും ആലപ്പോയിലെ നൂറുദ്ദീൻ എന്നിവർ ക്രൂശ് ഭടന്മാർ താവളം അടിച്ച സ്ഥലത്ത് മിന്നലാക്രമണം നടത്തിയതോടെ ഓർചാർഡുകളുടെ സ്ഥലത്തേക്ക് കുരിഷു സൈനികർ പിൻ വാങ്ങി. തിരിച്ചു ജെറുശലെം എത്തുന്നതു വരെ തുർക്കി അമ്പെയ്ത്തുകാർ കുരിശ് സൈനികർക്ക് നാശം വിതച്ചു കൊണ്ടെ ഇരുന്നു.
പരാജയത്തോടെ കുരിശ് സൈനികർക്കിടയിൽ അവിശ്വാസം വളർന്നു വന്നു. ഇന്നത്തെ ഇസ്രയേലിലെ അസ്കലോൺ ആക്രമിക്കൻ വിഫലം ആയ ഒരു ശ്രമം അവർ നടത്തി. വിശുദ്ധ ബർണാർഡ് കുരിശു ഭടന്മാരുടേ പാപം കാരണം ആണു യുദ്ധം പരാജയപ്പെട്ടത് എന്നു പറഞ്ഞു. കുരിശു യുദ്ധക്കാർ അവശേഷിച്ചവർ തിരിച്ചു അവരവരുടെ ദേശങ്ങളിലേക്ക് തിരിചു പോയി.

മൂന്നാം കുരിശു യുദ്ധം
രണ്ടാം കുരിശ് യുദ്ധത്തിന്റെ പരാജയത്തോട് കൂടി നൂറുദ്ദീൻ സെങ്കി ഡമാസ്കസ് കീഴടക്കി സിറിയ എകീകൃത ഭരണത്തിനു കീഴിലാക്കി. 1163 ഇൽ ഷിരൂക് എന്ന ജനറലിനെ അനന്തരവനായ സലാദിനൊപ്പം ഫാത്തിമിദ് രാജ വംശം ഭരിച്ചിരുന്ന ഈജിപ്തിനെ ആക്രമിക്കാൻ അയച്ചു. ഈജിപ്റ്റിന്റെ പുറത്ത് ഷിരൂഖിന്റെ സൈന്യം തമ്പടിച്ചപ്പോൾ ഈജിപ്തിന്റെ സുൽത്താൻ ഷാവർ ജറൂശലേം രാജാവ് അല്മറിക് ഒന്നാമൻ രാജാവിന്റെ സഹായം ആവശ്യപ്പെട്ടു.അല്മാരിക് അയച്ച സൈന്യം 1164 ഇൽ ബില്ബീസ് എന്ന ഭാഗ്ത്ത് വച്ച് ഷിരൂഖിന്റെ സൈന്യത്തെ ആക്രമിച്ചു. കുരിശു സൈനികരുടെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ നൂറുദ്ദീൻ അന്തൊഖ്യ ആക്രമിച്ചു. അന്തൊഖ്യ രാജാവ് ബഹിമോണ്ട് 3 ആമനെ തടവുകാരൻ ആയി പിടിക്കുകയും, ഭടന്മാരുടെ തല വെട്ടി ഷിറൂഖിനു ആ ഭാഗത്തെ കുരിശു യുദ്ധക്കാർക്ക് കാണിച്ച് കൊടുക്കാൻ ആയി അയച്ച് കൊടുത്തു. ഇതോടെ ജെറുശലെമിന്റെയും ഷിരൂഖിന്റെയും സൈന്യം ബില്ബീൽ വിട്ടു തിരിച്ച് പോയി.
1167ഇൽ നൂറുദ്ദീൻ ഷിരൂഖിനെ വീണ്ടും ഫത്തമിദുകളെ ആക്രമിക്കാൻ അയച്ചു. ഷാവർ വീണ്ടും അമാൽരിക്കിനെ സഹായത്തിനു വിളിച്ചു. ക്രിസ്ത്യൻ ഫാത്തമിദു സംയുക്ത സേന ഷിരൂഖിന്റെ സൈന്യത്തിനെ തുരത്തി അലക്സാണ്ട്രിയയിലെക്ക് ഓടിച്ചു. അമാൽറിക് അതോടെ തന്റെ സഖ്യം വിട്ടു ബില്ബീസിനെ ഉപരോധിച്ചു. ഷവാർ നൂരുദ്ദീനോട് ചതിക്ക് പകരം വീട്ടുവാൻ സഹായം ആവശ്യപ്പെട്ടു. നൂറുദ്ദീൻ ഷാവർ സഖ്യത്തെ നേരിടാനാവാതെ അമാൽറിക് തിരികെ പോയി. ക്രിസ്ത്യൻ സൈന്യവും ആയി ചേർന്നു പ്രവർത്തിച്ചതിനു ഷിറൂഖ് നൂരുദ്ദീനെ വധിച്ചു. ഷിറൂക് ഈജിപ്തിലെ മന്ത്രി ആയി സ്ഥാനം ഏറ്റു. 1169 ഇൽ ഭരണം ഏറ്റെടുത്ത് കുറച്ച് നാളുകൾക്ക് ശേഷം ഷിറൂഖ് പെട്ടന്നു മരിച്ചു. ഷിറൂക്കിന്റെ അനന്തരാവകാശി ആയി സലാദിൻ യൂസഫ് സ്ഥാനം ഏറ്റു. 1174ഇൽ നൂറുദ്ദീൻ മരിച്ചപ്പോൾ അനന്തരാവകാശി ആയ മകൻ സാലിഹിനു 11 വയസ്സു മാത്രമെ ഉണ്ടായിരുന്നുള്ളൂ. ജിഹാദ് ഉയർത്തി പിടിക്കുവാൻ പ്രാപ്തൻ ആയി കണ്ടെത്തിയതു സലാഹുദ്ദീനെ ആയിരുന്നു. അയ്യൂബിദ് സാമ്രാജ്യം സ്ഥാപിച്ച സലാദിൻ സിറിയയും ഈജിപ്തും ഭരിച്ചു
ജറൂശലെമിലെ അമാൽറിക് രാജാവും 1174ഇൽ മരിച്ചപ്പോൾ അനന്തരാവകാശി ആയിരുന്നത് 13 വയസ്സുള്ള കുഷ്ഠരോഗി ആയ മകൻ ബാൾഡ്വിൻ 4ആമൻ ആയിരുന്നു. മികച്ച തന്ത്രജ്ഞൻ ആയിരുന്ന ബാൾഡ്വിൻ 4 ആമൻ 1177 ഇൽ മോണ്ട് ഗിസാർഡ് യുദ്ധത്തിൽ സലാദിനെ ഷാറ്റിലോണിലെ പ്രഭു ആയ റെയ്നോൾഡിന്റെ സഹായത്തോടെ പരാജയപ്പെടുത്തി. റെയ്നോൾഡ് സലാദിനുമായി സന്ധിയിൽ ഏർപ്പെടുകയും മുസ്ലിം ക്രിസ്ത്യൻ പ്രവിശ്യകളിൽ കച്ചവടം അനുവദിപ്പിക്കുകയും ചെയ്തു. പ്രവിശ്യകളിലും ചെങ്കടലിലും കൊള്ള നടത്തുകയും മക്കയെ ആക്രമിക്കുകയും ചെയ്തു. ഇതു മുസ്ളിം ജനതയിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യൻ എന്ന അപഖ്യാതി നേടി കൊടുക്കുകയും ചെയ്തു.
ബാൾഡ്വിൻ 4ആമൻ 1185 ഇൽ മരിച്ചു. 1183ഇൽ സഹരാജാവായി ചുമതല ഏറ്റിരുന്ന ബാൾഡ്വിൻ 5ആമൻ രാജാവായി. റെയ്നോൾഡ് 3 ആമൻ റീജന്റായി ഭരണത്തിൽ സഹായിച്ചു. ഒമ്പതാം വയസ്സു തികയുന്നതിനു മുമ്പ് ബാൾഡ്വിൻ 5ആമൻ മരിച്ചതിനെ തുടർന്ന് മാതാവ് രാജ്ഞി സിബല്ല, ബാൾഡ്വിൻ 4ആമന്റെ സഹോദരി രാജ്ഞിയും ലുസിഗ്നാനിലെ ഗൈ രാജാവും ആയി ചുമതല ഏറ്റു. റെയ്നാൾഡ് ഒരു വാണിജ്യ സംഘത്തെ കൊള്ള അടിക്കുകയും വ്യാപാരികളെ തുറുങ്കിൽ അടക്കുകയും ചെയ്തു.സലാദിൻ തടവുകാരെ വിട്ടയക്കാനും കൊള്ള മുതലുകൾ തിരിച്ചു തരാനും ആവശ്യപ്പെട്ടു. ജെറുശലെം രാജാവ് റെയ്നോൾഡിനോട് സലാദിന്റെ ആവശ്യങ്ങൾ അംഗീകരിക്കൻ ആവശ്യപ്പെട്ടെങ്കിലും രാജാവിന്റെ ആജ്ഞ റെയ്നോൾഡ് നിരാകരിച്ചു. ഇതോടെ സലാദിൻ 1187ഇൽ റ്റൈബീരിയസ് പട്ടണം ഉപരോധിച്ചു. റെയ്നോൾഡിന്റെ ഉപദേശപ്രകാരം ജെറുശലേം രാജാവ് യുദ്ധം ചെയ്തെങ്കിലും പരാജയപ്പെട്ടു. ഗൈ രാജാവിനെ ജീവനോടെ ഡമാസ്കസിൽ അയക്കുകയും റെയ്നോൾഡിനെ ശിരച് ഛേദം ചെയ്യുകയും ചെയ്തു. വർഷാവസാനത്തോടെ ജെറുശലേമിനോടൊപ്പം ആക്രെയും പിടിച്ചെടുത്തു.
ആക്രെ കീഴടക്കി എന്നതറിഞ്ഞതോടു കൂടി പോപ്പ് അർബൻ 3 കുഴഞ്ഞു വീണു മരിച്ചു എന്നു പറയപ്പെടുന്നു. ഗ്രിഗറി എട്ടാമൻ പുതിയ പോപ്പ് ആയി. യൂറോപ്പിലെ പുതിയ പോപ്പ്, യൂറോപ്പിലെ ക്രിസ്ത്യാനികളുടെ പാപം മൂലം ആണു ജറുശലെം വീണത് എന്നും പുതിയ ഒരു കുരിശു യുദ്ധം വേണം എന്നും ആവശ്യപ്പെട്ടു. കുരിശു യുദ്ധത്തിനുള്ള ആഹ്വാനം കേട്ട ഉടൻ വൃദ്ധൻ ആയ റോമ ചക്രവർത്തി 1188 മാർച്ചിൽ കുരിശു യുദ്ധത്തിനായി പുറപ്പെട്ടു. ഒരു ലക്ഷം പട്ടാളക്കരോടൊപ്പം പുറപ്പെട്ട ഫ്രെഡറിക് ഒന്നാമനോടൊപ്പം ഹംഗറിയിലെ ബേല മൂന്നാമൻ രാജാവിന്റെ സഹോദരൻ 2000 പടയാളികളോടൊപ്പം യാത്ര ആയി.
ബൈസാന്റിയൻ ചക്രവർത്തി ഐസക്ക് 3 ആമൻ സലാദിനും ആയി തന്റെ സാമ്രാജ്യത്തിന്റെ സുരക്ഷക്കായി രഹസ്യ സന്ധിയിൽ ഏർപ്പെട്ടു. റം സൽത്തനത്ത് വഴി സുരക്ഷിത യാത്ര വാഗ്ദാനം ചെയ്തെങ്കിലും പല സ്ഥലങ്ങളിലും ഉണ്ടായ എതിർപ്പിനെ തുടർന്ന് ഫ്രേഡെരിക്ക് റം തലസ്ഥാനം ആയ ഐക്കോണിയം കീഴടക്കി. 1190ഇൽ മെയ് മാസത്തിൽ സെല്ഫ് നദി കടക്കുമ്പോൾ ഫ്രെഡരിക് രാജാവു കുതിരപ്പുറത്തു നിന്നു വീഴുകയും മുങ്ങി മരിക്കുകയും ചെയ്തു . ഒരു ലക്ഷത്തോളം വരുന്ന സൈന്യത്തിലെ ഒരു വലിയ വിഭാഗം തിരികെ പോയി എങ്കിലും, ചക്രവർത്തിയുടെ പുത്രൻ സ്വാബിയ യിലെ ഫ്രെഡരിക് 5000 പെരെയും കൊണ്ട് ജെറുശലേമിലേക്ക് പോയി. പോകുന്ന വഴി വിനാഗിരിയിൽ നശിക്കതെ സൂക്ഷിക്കൻ വച്ചിരുന്ന ഫ്രെഡരിക് രാജാവിന്റെ മൃത ശരീരം പുഴുങ്ങി മാംസം അന്തോഖ്യയിലും, എല്ലുകൾ ആക്രെയിലും സംസ്കരിച്ചു. ജർമൻ പട്ടാളം പലവിധ വ്യാധികൾ മൂലം എണ്ണത്തിൽ കുറഞ്ഞു കൊണ്ടിരുന്നു.
ഫിലിപ്പ് രണ്ടാമൻ രാജാവിന്റെയും സ്വന്തം പുത്രൻ ആയ റിച്ചാർഡ് ദ ലയൺ ഹർട്ടിന്റെയും ആക്രമണത്തിൽ ഇംഗ്ലണ്ടിലെ ഹെന്റി രണ്ടാമൻ രാജാവു 1189 ഇൽ മരിച്ചു. അധികാരമേറ്റ റിച്ചാർഡ് രാജാവ് ധനശേഖരണം നടത്തി കുരിശു യുദ്ധത്തിനായി പുറപ്പെട്ടു. പല ഘട്ടങ്ങളിൽ ആയി കടല്മാർഗ്ഗം ഇംഗ്ലണ്ടിൽ നിന്നും നേരത്തേ പുറപ്പെട്ടിരുന്ന റിച്ചാർഡ് രാജാവിന്റെ അനുയായികൾ ഐബീരിയയുടെ ചില ഭാഗങ്ങൾ പിടിച്ചെടുക്കുകയും കുരിശുയുദ്ധത്തിനായി നീങ്ങുകയും ചെയ്തിരുന്നു.
ഏപ്രിൽ 1190 ഇൽ പുറപ്പെട്ട റിച്ചാർഡ് രാജാവിന്റെ കപ്പൽ വ്യൂഹം പോർച്ചുഗീസുകാരെ സൈനികമായി സഹായിക്കുകയും ലിസ്ബൺ കീഴടക്കുകയും ചെയ്തു. റിച്ചാർഡ് മാരിസെല്ലിയിൽ എത്തുകയും തന്റെ കൂട്ടർ എത്തിയിട്ടില്ലന്നു മനസ്സിലാക്കി. കാത്തിരിക്കാനുള്ള ക്ഷമ ഇല്ലാതെ റിച്ചാർഡ് സിസിലിയിലേക്ക് കപ്പലുകൾ വാടകക്ക് എടുത്ത് ആഗസ്റ്റിൽ പുറപ്പെട്ടു, സെപ്റ്റംബർ 23 ഇനു എത്തി ച്ചേരുകയും ചെയ്തു. ഇംഗ്ലീഷ് കപ്പൽ പട ഇറ്റലിയിലെ മാർസലയിൽ നിന്നു 22 ആഗസ്റ്റിൽ എത്തി ചേരുകയും റിച്ചാർദ് രാജാവു പുറപ്പെട്ടതറിഞ്ഞു സിസിലിയിലേക്ക് നീങ്ങുകയും ചെയ്തു. വഴിയെ റിച്ചാർഡ് ഇറ്റലി സന്ദർശിച്ചതിനാൽ അവർ സിസിലിയിൽ രാജാവിനു മുന്നെ എത്തി. ഫ്രാൻസിലെ ഫിലിപ്പ് രാജാവു കപ്പൽ മാർഗം സിസിലിയിലേക്ക് പുറപ്പെട്ടിരുന്നു.
സിസിലിയിലെ വില്യം 2ആമൻ 1189 ഇൽ മരിച്ചു. പിന്നീട് അധികാരമേറ്റ റ്റാങ്ക്രെഡ് വില്യം രാജാവിന്റെ ഭാര്യ ജോനയെ തുറുങ്കിൽ അടച്ചു. ജൊനയുടെ സഹോദരൻ ആയിരുന്നു റിച്ചാർഡ് രാജാവ്. റിച്ചാർഡ് 1190 ഇൽ സിസിലിയുടെ തലസ്ഥാനം ആയ മെസ്സിന കീഴടക്കുകയും ജോനയെ രക്ഷപെടുത്തുകയും ചെയ്തു. റിച്ചാർഡ് രാജാവു നവാറ എന്ന പ്രദേശത്തെ ബേറൻ ഗാരിയയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. അതിനായി ഉപേക്ഷിച്ചതു ഫിലിപ് രാജാവിന്റെ അർദ്ധ സഹോദരി ആയ അലിസും ആയി പറഞ്ഞുറപ്പിച്ചിരുന്ന ബന്ധം ആയിരുന്നു. ഫിലിപ്പ് രാജാവ് അതോടേ പിണങ്ങി സിസിലിയിൽ നിന്നു മാർച്ച് 1191 ഇൽ പുറപ്പെടുകയും റ്റയെർ എന്ന സ്ഥലത്ത് എത്തി മെയ്മാസത്തോടെ ആക്രെ ഉപരോധിക്കുവാൻ ഗൈയുടെ കൂടെ കൂടുകയും ചെയ്തു.
ഏപ്രിൽ മാസത്തിൽ റിച്ചാർഡ് തന്റെ കപ്പൽ പടയും ആയി പുറപ്പെട്ടു. വഴിയിൽ ഉണ്ടായ ഒരു കൊടുങ്കാറ്റിൽ കപ്പലുകൾ ലക്ഷ്യം തെറ്റുകയും കരക്കടിയുകയും ചെയ്തു. കുരിശു യുദ്ധത്തിനായി സമാഹരിച്ചിരുന്ന ധനവും ജോനയും ബറഞ്ചിയയും അടങ്ങിയ കപ്പൽ സൈപ്പ്രസിലെ ഐസക്ക് പിടിച്ചെടുക്കുകയും ചെയ്തു. റിച്ചാർഡ് സൈപ്രസിലെ ലിമാസോളിൽ ഇറങ്ങുകയും ഐസക്കും ആയി സന്ധിയിൽ ഏർപ്പെടുകയും ചെയ്തു. കപ്പലിനോടൊപ്പം 500 സൈനികരെ ഐസക്ക് വിട്ടു നല്കുകയും ചെയ്തു. അവിടെ വച്ച് റിച്ചാർഡ് രാജാവിനെ ജെറുശലേം രാജാവു ഗൈ സന്ദർശിച്ചു. ബറൻ ഗാരിയയെ വിവാഹം കഴിച്ച് രാജ്ഞി ആയി വാഴിക്കുകയും ചെയ്തു. റിച്ചാർഡിന്റെ അടുത്തു നിന്നും തന്റെ കോട്ട ആയ ഫാംഗുസ്തയിൽ എത്തിചേർന്ന ഐസക്ക് തന്റെ സന്ധി മറക്കുകയും റിച്ചാർഡിനോട് രാജ്യം വിട്ടു പോകാൻ കല്പിക്കുകയും ചെയ്തതിനാൽ റിച്ചാർഡ് ദ്വീപ് കീഴടക്കി.
1189 ഇൽ സലാദിൻ ഗൈ രാജാവിനെ വിട്ടയച്ചു. ടായറിലെ ക്രിസ്ത്യൻ ഭടന്മാരുടെ നേതൃത്വം ഏറ്റെടുക്കുവാൻ ഗൈ ശ്രമിച്ചു. പക്ഷെ മോണ്ട് ഫെറാട്ടിലെ കോണ്രാട് മുസ്ലിം അധിനിവേശത്തെ വിജയകരമായി നേരിട്ടിരുന്നതിനാൽ ആ സ്രമം വിജയിച്ചില്ല. ഒരു സൈന്യം രൂപീകരിച്ച ഗൈ സമ്പന്നമായ ആക്രെ തുറമുഖം കീഴടാക്കുവാനായി ആക്രെ കോട്ട ഉപരോധിച്ചു. ഇവർക്കൊപ്പം ഫിലിപ്പ് രാജാവും ചേർന്നു. ഉപരോധത്തിനിടയിൽ പകർച്ച വ്യാധികൾ പിടിപെടുകയും ഇസബെല്ല രാജ്ഞിയും പെണ്മക്കളും മരിക്കുകയും ചെയ്തു. സിബില്ലയുടെ അർധ സഹോദരി ആയ ഇസബെല്ല ആയിരുന്നു അടുത്ത രാജ്ഞി. ഇസബെല്ല ഭർത്താവായ റ്റോറോണിലെ ഹംഫ്രി നാലാമൻ പ്രഭുവിൽ നിന്നും വിവാഹ മോചനം നേടുകയും കോണ്രാഡിനെ വിവാഹം കഴിക്കുകയും രാജ്ഞിയായി അധികാരം ഏല്ക്കുകയും ചെയ്തു. 1190-91 ഇൽ പകർച്ച വ്യാധി പടർന്നതോടെ സ്വാബിയയിലെ ഫ്രെഡറിക് പ്രഭു, ജറുശലേമിലെ ഹെരക്ലിയസ് പ്രഭു, ബ്ലോയിസിലെ തിയോബൊൾഡ് 5ആമൻ പ്രഭുവും മരിച്ചു. 1191 ഇൽ ആസ്റ്റ്രിയൻ രാജാവ് കടൽ കടന്നെത്തുകയും സൈന്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ഫ്രാൻസിലെ ഫിലിപ്പും, അർമേനിയയിലെ ലിയോ രണ്ടാമന്റെ നേതൃത്വത്തിൽ ഉള്ള സൈന്യവും സഹായ ഹസ്തവും ആയി എത്തിച്ചേർന്നു.
റിച്ചാർഡ് ജൂണിൽ എത്തിചേരുകയും ജൂലയ് ഓടെ ആക്രെ തിരിച്ചു പിടിക്കുകയും ചെയ്തു. വിജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരംഭിച്ച വഴക്ക് രാജാവിനെ തീരുമാനിക്കുന്നതിലും എത്തി ചേർന്നു. റിച്ചാർഡിന്റെ സഹായത്തോടെ ഗൈ രാജാവായെങ്കിലും ഗൈയുടെ കാലശേഷം കോൺ റാഡിനു കിരീടം ലഭിക്കും എന്ന തീരുമാനം ഉണ്ടാക്കാൻ ലിയോപ്പേൾഡിനും ഫിലിപ്പിനും സാധിച്ചു. റിച്ചാർഡും ആയുള്ള വഴക്കും, ഫിലിപ്പിന്റെ അനാരോഗ്യവും, ലിയോപ്പോൾഡിനെയും തങ്ങളുടെ സൈന്യവും ആയി തിരികെ പോകുവാൻ നിർബന്ധിതരാക്കി. 10000 സൈനികരെയും ധനം ആയി 5000 മാർക്കും നല്കി അവർ രണ്ടും വിശുദ്ധ പ്രദേശം വിട്ട് യാത്ര ആയി. ജൂണിൽ ജാഫയിൽ എത്തിയ ശേഷം സലാദിനും ആയി ഒരു മുഖാമുഖം റിച്ചാർഡ് ആവശ്യപ്പെട്ടെങ്കിലും സലാദിൻ അതു നിരാകരിച്ചു. മുഖാമുഖം നടന്നില്ലങ്കിലും പരസ്പരം സമ്മാനങ്ങൾ കൈമാറുകയും സലാദിന്റെ സഹോദരൻ ആദിലും ആയി കൂടികാഴ്ച നടത്തുകയും ചെയ്തു. സലാദിൻ ആക്രെയിൽ റിച്ചാർഡ് പിടിച്ചെടുത്ത തന്റെ സൈനികരും ഭാര്യമാരും കുഞ്ഞുങ്ങളൂം അടങ്ങുന്ന ജനതയുടെ മോചനത്തിനായി ശ്രമിച്ചെങ്കിലും റിച്ചാർഡ് വഴങ്ങിയില്ല.. ആഗസ്റ്റിൽ സലാദിൻ ഒത്തു തീർപ്പിനു വഴങ്ങാൻ വൈമനസ്യം കാട്ടുന്നു എന്നു ചിന്തിച്ച റിച്ചാർഡ് 2700 മുസ്ലിം സൈനികരെ സലാദിന്റെ സൈന്യത്തിനു മുമ്പിൽ വച്ചു തന്നെ കൊന്നൊടുക്കി. സലാദിന്റെ സൈന്യം അവരെ രക്ഷിക്കൻ ഒരു വിഫല ശ്രമം നടത്തി. പകരം സലാദിൻ കീഴടക്കിയ കുരിശു സൈനികരെയും കൊലപ്പെടുത്തി.
ആക്രെ കീഴടക്കിയ ശേഷം റിച്ചാർഡ് ജാഫയിലേക്ക് പുറപ്പെട്ടു. ജെറുശലേം കീഴടക്കുവാൻ ജാഫ കീഴടക്കെണ്ടത് അത്യാവശ്യം ആയിരുന്നു. ജാഫക്കു 50 കിലോമീറ്റർ മുമ്പ് ആർസുഫിൽ വച്ച് റിച്ചാർഡിന്റെ സൈന്യത്തെ സലാദിൻ ആക്രമിച്ചു. ആ യുദ്ധത്തിൽ സലാദിന്റെ സൈന്യം വൻ ആൾ നാശത്തോടെ പിൻ വാങ്ങി
ഇതു കുരിശു സൈന്യത്തിനു ആത്മ വിശ്വാസം നല്കുകയും ചെയ്തു. ജാഫ കേന്ദ്രമാക്കി സൈനിക കേന്ദ്രീകരണം നടത്തിയ റിച്ചാർഡ് സലാദിന്റെ സഹോദരൻ ആദിലും ആയി കൂടികാഴ്ച തുടർന്നു. ഒത്തു തീർപ്പിനായി റിച്ചാർഡിന്റെ സഹോദരി ജൊവാനെ ആദിലിനെ കൊണ്ട് വിവാഹം കഴിപ്പിക്കുവാൻ വരെ ശ്രമം ഉണ്ടായി. സലാവുദ്ദീൻ നശിപ്പിച്ച അസ്കലോണിലേക്ക് റിച്ചാർഡ് യാത്ര ആയി.
നവംബർ 1191 ഇൽ കുരിശു ഭടന്മാർ ജറുശലേമിലേക്ക് യാത്ര ആയി. അമീർമാരുടെ ആവശ്യപ്രകാരം സലാദിനു തന്റെ സൈന്യത്തെ പിരിച്ചു വിടേണ്ടി വന്നു. ജറുശലേമിനു 12 മൈൽ മുമ്പ് ബൈത് നൂബയിൽ ക്രൂശ് ഭടന്മാർ തമ്പടിച്ചു. മോശം കാലാവസ്ഥയും മഴയും മഞ്ഞും ജറുശലെം കോട്ടയിൽ നിന്നും തീരപ്രദേശങ്ങളിലേക്കു പിൻ വാങ്ങുവാൻ ക്രൂശ് ഭടന്മാരെ പ്രേരിപ്പിച്ചു. റിച്ചാർഡ് കോൺ റാഡിനെ തന്റെ ഒപ്പം ചേരുവാൻ ക്ഷണിച്ചു. റിച്ചാർഡും ഗൈയും ചേർന്ന് ഒരു ആക്രമണം നടത്തിയാൽ സലാദിന്റെ സംരക്ഷണം ലഭിക്കുവാൻ ഒരു ശ്രമം കോൺ റാഡ് നടത്തുന്നുണ്ടായിരുന്നു. ഏപ്രിലിൽ കോൺ റാഡ് പ്രഭുക്കന്മാരുടെ തിരഞ്ഞെടുപ്പിൽ രാജാവായി തിരഞ്ഞെടുക്കപ്പെട്ടു. ഗൈക്ക് ഒരു വോട്ട് പോലും ലഭിച്ചില്ല. പകരം റിച്ചാർഡ് ഗൈയെ സൈപ്രസ് രാജാവായി അവരോധിച്ചു. പക്ഷെ കിരീട ധാരണം നടത്തുന്നതിനു മുമ്പ് കോൺ റാഡിനെ ഹഷാഷിനുകൾ റ്റയരിലെ തെരുവുകളിൽ വച്ച് വധിച്ചു.ഏട്ട് ദിവസങ്ങൾക്ക് ശേഷം ഗർഭിണിയായിരുന്ന് ഇസബെല്ല ഷാമ്പെയ്നിലെ ഹെന്റ്രി രണ്ടാമനെ വിവാഹം കഴിച്ചു.
1192 ഇൽ സലാദിൻ നശിപ്പിച്ച അസ്കലോൺ റിച്ചാർഡിന്റെ ആളുകൾ കയ്യേറുകയും അറ്റകുറ്റ പണികൾ നടത്തി എടുക്കുകയും ചെയ്ഹ്റ്റു. ചർചകളും ഉരസലുകളും നടത്തിക്കൊണ്ടെ ഇരുന്നു. മെയ്മാസത്തിൽ ഈജിപ്റ്റ് അതിർത്തിയിൽ ഉള്ള ദാരും കോട്ട കുരിശു സൈനികർ അഞ്ചു ദിവസം നീണ്ട യുദ്ധത്തിനു ശേഷം കീഴടക്കി. കുരിശു യുദ്ധക്കാർ ജൂണിൽ ജറുശലേമിനു അടുത്ത് എത്തി എങ്കിലും നേതാക്കൾക്കിടയിൽ ഉള്ള അസ്വാരസ്യം മൂലം പിന്തിരിയേണ്ടി വന്നു. റിച്ചാർഡും അനുകൂലികളും ഈജിപ്തിനെ ആക്രമിചു കീഴടക്കി സലാദിനെ തകർക്കണം എന്നും ബർഗുണ്ടിയിലെ പ്രഭുവിനു ജറുശലേം ആക്രമിക്കണം എന്നുമായിരുന്നു അഭിപ്രായം. ഇതു കുരിശ് സൈനികരെ രണ്ടായി പിളർത്തി. രണ്ട് കൂട്ടർക്കും തങ്ങളുടെ ഉദ്ദിഷ്ട കാര്യം നേടിയെടുക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല. ജറുശലേമിനെ ആക്രമിച്ചാൽ ഒരു സൈനികൻ എന്ന നിലയിൽ മാത്രമെ താൻ പങ്കെടുക്കു എന്നു റിച്ചാർഡ് അറിയിച്ചു. അതോടെ സൈന്യം വീണ്ടും കടൽ തീരത്തേക്ക് പിന്മാറി.
റിച്ചാർഡും സലാദിനും തമ്മിൽ തീർഥാടകരുടെ സുരക്ഷയെ സംബന്ധിച്ച് ഒത്തു തീർപ്പിൽ എത്തി.
1192 ഇൽ സലാദിൻ ജാഫ ആക്രമിച്ചു കീഴടക്കി. ആക്രയിലെ കൂട്ടക്കൊലയിലെ കലിപൂണ്ടിരുന്ന മുസ്ലിം സൈനികർ പ്രതികാരം ചെയ്തു. കുറച്ചു കുരിശു സൈനികർ ഒളിച്ചിരുന്നു.
ഇംഗ്ലണ്ടിലേക്ക് തിരികെ പോകാൻ ഇറങ്ങിയ റിച്ചാർഡും 2000 പട്ടാളക്കാരും ഈ വാർത്ത അറിഞ്ഞു തിരിച്ചെത്തി. കടല്മാർഗം ഒരു ആക്രമണം നടത്തി അയ്യൂബിദുകളെ തുരത്തി. എണ്ണത്തിൽ കൂടുതൽ ഉണ്ടായിരുന്ന സലാദിൻ സൈന്യം വീണ്ടും സംഘടിച്ചു ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും അവരുടെ നീക്കം ക്ണ്ടെത്തിയ ക്രൂശ് ഭടന്മാർ അമ്പെയ്ത്തു അവരുടെ നീക്കം തകർത്തു. അതോടേ സലാദിന്റെ സൈന്യം പിന്തിരിഞ്ഞു. അങ്ങനെ തീരപ്രദേശങ്ങളിലെ ക്രിസ്ത്യൻ കോട്ടകൾ കുറച്ച് കാലം കൂടി നില നിന്നു.
സെപ്റ്റംബർ 2 1192 ഇൽ ജാഫയിലെ പരാജയത്തിനു ശേഷം സലാദിൻ റിച്ചാർഡും ആയി കരാറിൽ എത്തി. ജറുശലേം മുസ്ലിം അധീനതയിൽ തന്നെ നില നില്ക്കും. നിരായുധർ ആയ കച്ചവടക്കാർക്കും, തീർഥാടകർക്കും ജറുശലേം സന്ദർശിക്കാവുന്നതും കച്ചവടം നടത്താവുന്നതും ആണു. അസ്കലോൺ തിരികെ സലാദിനു നല്കും . പിന്നീട് ഒക്റ്റോബർ 9 നു റിച്ചാർഡ് പുണ്യദേശം വിട്ടു. അങ്ങനെ മൂന്നാം കുരിശു യുദ്ധത്തിനു വിരാമം ആയി.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ